ADVERTISEMENT

കൊല്ലങ്കോട് ∙ സുന്ദരഗ്രാമം എന്ന ബഹുമതിക്കു പിന്നാലെ പൈതൃക ഗ്രാമം എന്ന സ്വപ്നവും യാഥാർഥ്യമാകും എന്ന പ്രതീക്ഷയിലാണു കൊല്ലങ്കോട്. പൈതൃക ഗ്രാമമായി പ്രഖ്യാപിക്കണം എന്ന ആവശ്യം പഠിക്കാൻ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിർദേശത്തിൽ തൃശൂർ പുരാവസ്തു മ്യൂസിയത്തിലെ എസ്.എ.അജിത് നാഥ്, കെ.വാസുദേവൻ എന്നിവർ ഇന്നു വീണ്ടും കൊല്ലങ്കോട്ട് എത്തും. ചരിത്ര ഗവേഷകൻ ഡോ.വി.സനൽകുമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വീണ്ടും പഠനത്തിനു നിർദേശിച്ചിരിക്കുന്നത്. പ്രകൃതി സൗന്ദര്യം മാത്രമല്ല, രാജവാഴ്ചയുടെയും പടയോട്ടങ്ങളുടെയും ശിലാലിഖിതങ്ങളുടെയുമെല്ലാം ശേഷിപ്പുകളുള്ള പൈതൃകം കൂടിയുണ്ട് വെങ്ങുനാട് എന്ന കൊല്ലങ്കോടിന്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

നാടുവാഴിത്തത്തിന്റെ കാലത്തു കേരളത്തിലെ 17 നാട്ടുരാജ്യങ്ങളിൽ 14–ാമത്തെ നാട്ടുരാജ്യമായിരുന്നു കൊല്ലങ്കോട് എന്ന് ഇന്നറിയപ്പെടുന്ന വെങ്ങുനാട്. പുരാവസ്തു വകുപ്പു നടത്തിയ ഖനനങ്ങളിൽ പ്രാചീന-മധ്യ–ശിലായുഗ കാലഘട്ടങ്ങളിലെ മൈക്രോലിത്തിക്ക് ഉപകരണങ്ങൾ, ഗുഹകൾ, പ്രകൃതിദത്ത അഭയകേന്ദ്രങ്ങൾ, ശിലാരേഖാ ചിത്രങ്ങൾ, കൽസ്തൂപ പൊഴികൾ (പോസ്റ്റ് ഹോളുകൾ), കളിമണ്ണിന്റെയും കരിങ്കല്ലിന്റെയും തകർന്ന നിലയിലുള്ള ശിൽപങ്ങൾ, ശിലാലിഖിതങ്ങൾ, വീരക്കല്ലുകൾ, തുറസ്സായ സ്ഥലത്തെ ആരാധനാലയങ്ങൾ, കരിങ്കൽ നിർമിത ക്ഷേത്രങ്ങളുടെ തകർന്ന ഭാഗങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഘകാല കൃതികളുമായി ഈ പ്രദേശത്തിനുള്ള ഭൂമിശാസ്ത്ര ബന്ധം മുൻപു പഠന വിധേയമാക്കിയിരുന്നു.

palakkad-kollengode-letter
പുരാവസ്തു വകുപ്പ് 1998ൽ കൊല്ലങ്കോട് നെന്മേനി കോവികലം പറമ്പിൽ നടത്തിയ ഖനനത്തിൽ കരിങ്കൽ നിർമിത കിണറിൽ നിന്നു കണ്ടെത്തിയ ശിലാലിഖിതം (ഡോ.വി.സനൽകുമാറിന്റെ ശേഖരത്തിൽ നിന്ന്).

പ്രാചീന വെൺകുണ്ട്റ നാടിന്റെ ആസ്ഥാനം, പ്രാചീന പൊറൈ നാടിന്റെയും ചേരനാടിന്റെയും സിരാകേന്ദ്രം എന്നീ നിലകളിലും പ്രാചീന തമിഴകത്തെ പല്ലവ, ചാലൂക്യ, ചോള, പാണ്ഡ്യനാടുകളിൽ നിന്നുള്ള കുടിയേറ്റ-അധിനിവേശങ്ങൾ, സാമൂതിരിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രദേശം എന്ന നിലയിലും കൊല്ലങ്കോടിനും സമീപ പ്രദേശങ്ങൾക്കുമുള്ള പ്രാധാന്യം ഡോ.വി.സനൽകുമാറിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1990ലും 1998 ലും സംസ്ഥാന പുരാവസ്തുവകുപ്പ് പ്രാചീന വെൺകുണ്ട്റ നാടിന്റെ ആസ്ഥാനമായ നെന്മേനി കോവിലകം പറമ്പിലും മറ്റും ഖനനം നടത്തുകയും ചേര കാലഘട്ടവുമായി ബന്ധമുള്ള ചരിത്രാവശിഷ്ടങ്ങൾ പുറത്തെടുക്കുകയും ചെയ്തിരുന്നു.

1998ൽ നെന്മേനി കോവിലകം പറമ്പിലെ, ചേര കാലഘട്ടത്തിൽ മൂടപ്പെട്ടു കിടന്നിരുന്ന കരിങ്കൽ നിർമിത കിണറിൽ നിന്നു സംസ്ഥാന പുരാവസ്തു വകുപ്പു പുറത്തെടുത്ത എഡി 10–11 നൂറ്റാണ്ടിലെ ശിലാ ലിഖിതത്തിൽ ‘‘വെൺകുണ്ട്റ നാട്ടുട ഏക്കൻ കോമതി കുത്തിച്ച കിണർ’ എന്നു വട്ടെഴുത്തിൽ രേഖപ്പെടുത്തിയതു കണ്ടെത്തിയിരുന്നു. ഇത് ഉൾപ്പെടെ കൊല്ലങ്കോട് പ്രദേശത്തു നിന്നു കുഴിച്ചെടുത്ത ചരിത്ര ശേഷിപ്പുകളെല്ലാം തൃശൂരിലെ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖനനം ചെയ്ത പുരാവസ്തുക്കൾ എല്ലാം കൊല്ലങ്കോട്ടു പുരാവസ്തു മ്യൂസിയം സ്ഥാപിച്ചു സംരക്ഷിക്കണമെന്ന് അന്നത്തെ പുരാവസ്തു വകുപ്പ് ഡയറക്ടർ നിർദേശിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

English Summary : Study on the demand to declare Kollangode as a heritage village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com