സബ് റജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; 6300 രൂപ കണ്ടെത്തി
Mail This Article
കൊടുവായൂർ ∙ സബ് റജിസ്ട്രാർ ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപെടാതെ സൂക്ഷിച്ച 6300 രൂപ കണ്ടെടുത്തു. സബ് റജിസ്ട്രാർ ഓഫിസിലെ റെക്കോർഡ് മുറിയിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകത്തിനകത്തു നിന്നാണു തുക കണ്ടെടുത്തത്. റജിസ്ട്രേഷൻ ചെയ്യുന്നതിന് ആധാരം എഴുത്തുകാർ വഴി അനധികൃതമായി പണം കൈപ്പറ്റുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നിർദേശത്തിലായിരുന്നു പരിശോധന നടത്തുന്നത്. കൊടുവായൂർ പിട്ടുപ്പീടികയിൽ പ്രവർത്തിക്കുന്ന സബ് റജിസ്ട്രാർ ഓഫിസ് ഇന്നലെ വൈകിട്ടു നാലര മുതൽ വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഓഫിസ് സമയം അവസാനിക്കുന്നതിനു 10 മിനിറ്റ് മുൻപ് വിജിലൻസ് സംഘം പരിശോധന തുടങ്ങി. കൊടുവായൂർ സബ് റജിസ്ട്രാർ പി.ശ്രീകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി റജിസ്ട്രേഷൻ ഡയറക്ടറോടു വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. വിജിലൻസ് ഇൻസ്പെക്ടർ പി.സുജിത്, എസ്ഐമാരായ പി.മണികണ്ഠൻ, ടി.അശോകൻ, എഎസ്ഐ ജോസ് സോളമൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ സിന്ധു, സിവിൽ പൊലീസ് ഓഫിസർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.