രാജ്യാന്തര വിപണിയിൽ ഒരു കോടിയോളം രൂപ ‘മോഹവില’; 96 കടൽക്കുതിരകളുമായി ഒരാൾ പിടിയിൽ
Mail This Article
പാലക്കാട് ∙ രാജ്യാന്തര വിപണിയിൽ ഒരു കോടിയോളം രൂപ ‘മോഹവില’ വരുന്ന 96 കടൽക്കുതിരകളുമായി ഒരാളെ വനംവകുപ്പ് പിടികൂടി. ചെന്നൈ സ്വദേശി സത്യ ഏഴില്ലരസനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം കടൽക്കുതിരകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതും വ്യാപാരം നടത്തുന്നതും നിരോധിച്ചിട്ടുള്ളതാണ്. ചില മരുന്നുകളുടെ നിർമാണത്തിനാണ് കടൽക്കുതിരയെ ഉപയോഗിക്കുന്നത്.
കടൽക്കുതിര വിപണനവുമായി ബന്ധപ്പെട്ട മാഫിയയുടെ ഒരു കണ്ണി മാത്രമാണ് അറസ്റ്റിലായ വ്യക്തിയെന്നാണു വനംവകുപ്പിന്റെ നിഗമനം. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ആനക്കൊമ്പ്, സ്വർണം ഉൾപ്പെടെയുള്ളവയുടെ ചിത്രം ലഭിച്ചതായി അറിയുന്നു. വനംവകുപ്പ് ഇന്റലിജൻസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ കെ.ജയപ്രകാശ്, റേഞ്ച് ഓഫിസർ ജി.അഭിലാഷ്, ഒലവക്കോട് റേഞ്ച് ഓഫിസർ ഇംറോസ് ഏലിയാസ് എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണു പ്രതിയെ പിടികൂടിയത്.