ഭക്തിയുടെ ഘോഷയാത്രയായി ഗണേശോത്സവം
Mail This Article
ഒറ്റപ്പാലം ∙ നഗരവീഥികൾ നിറയെ ഗണേശവിഗ്രഹങ്ങളും സ്തുതികളും. താെഴുകൈകളോടെ ഭക്തർ. വാദ്യമേളങ്ങൾക്കാെപ്പം ആനന്ദനൃത്തം... ഗണേശോത്സവത്തിന്റ ഭാഗമായി താലൂക്കിൽ നടന്ന നിമജ്ജന മഹാഘോഷയാത്ര ഭക്തിസാന്ദ്രമായി. 135 കേന്ദ്രങ്ങളിൽ നിന്നു പുറപ്പെട്ട ഘോഷയാത്രകൾ കണ്ണിയംപുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തിൽ സംഗമിച്ചാണു മഹാഘോഷയാത്രയായി നഗരത്തിലെ സമ്മേളന നഗരിയിലേക്കു നീങ്ങിയത്. ബസ് സ്റ്റാൻഡിൽ നടന്ന പാെതുസമ്മേളനം നടൻ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് ഒറ്റപ്പാലം ജില്ലാ സംഘചാലക് ജയ്റാം അധ്യക്ഷനായി. നടി അനുശ്രീ വിശിഷ്ടാതിഥിയായി.
സീമാ കല്യാൺ യോജന അഖില ഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും കാെല്ലൂർ മൂകാംബിക ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യ അഡിഗ അനുഗ്രഹ പ്രഭാഷണവും നടത്തി. മാളികപ്പുറം സിനിമയുടെ അണിയറ പ്രവർത്തകരെ ആദരിച്ചു. ഗണേശോത്സവ കമ്മിറ്റി കോഓർഡിനേറ്റർ പി.അരവിന്ദൻ, സ്വാഗതസംഘം ജനറൽ സെക്രട്ടറി എസ്.ദുർഗാദാസ്, പി.അശോക്‌കൃഷ്ണൻ, കെ.പി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
ഹിന്ദു നേതൃസമ്മേളനം ആർഎസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. പി.എൻ.സുരേഷ് അധ്യക്ഷനായി. വിശ്വസംസ്കൃത പ്രതിഷ്ഠാൻ സംസ്ഥാന അധ്യക്ഷൻ ഡോ.പി.കെ.മാധവൻ മുഖ്യപ്രഭാഷണം നടത്തി. ടി.ഗോപകുമാർ, പി.ശശികുമാർ എന്നിവർ പ്രസംഗിച്ചു. ഗണേശ വിഗ്രഹങ്ങൾ ഭാരതപ്പുഴയിലെ മായന്നൂർക്കടവിൽ നിമജ്ജനം ചെയ്തതോടെയായിരുന്നു സമാപനം.