മണ്ണാർക്കാട് നഗരസഭ നികുതി കുടിശിക; കൗൺസിൽ യോഗത്തിൽ ബഹളം
Mail This Article
മണ്ണാർക്കാട്∙ നഗരസഭയിലെ കെട്ടിട ഉടമകൾക്കു വൻതുക നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടു നോട്ടിസ് നൽകിയതിനെതിരെ കൗൺസിൽ യോഗത്തിൽ ബഹളം. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നികുതി പിരിവ് അന്യായമാണെന്ന് സിപിഎം കൗൺസിലർമാർ. അന്യായമായ പണപ്പിരിവാണെങ്കിൽ ഐകകണ്ഠ്യേന നികുതി പിരിവ് ഒഴിവാക്കുമെന്ന് അധ്യക്ഷൻ. 2016 മുതലുള്ള നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിടം ഉടമകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ നോട്ടിസ് ലഭിച്ചിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നികുതി വർധന അജണ്ടയിൽ ഇല്ലായിരുന്നെങ്കിലും സിപിഎം കൗൺസിലർമാരാണ് വിഷയം ഉന്നയിച്ചത്. നികുതി വർധിപ്പിക്കുന്ന കാര്യം പ്രചാരമുള്ള രണ്ട് പത്രങ്ങളിൽ കരട് വിജ്ഞാപനമായി പ്രസിദ്ധീകരിക്കുകയും ആക്ഷേപങ്ങൾ പരിഹരിച്ച് അന്തിമ വിജ്ഞാപനം ഇറക്കുകയും വേണമെന്നാണു ചട്ടമെന്ന് സിപിഎം കൗൺസിലർ ടി.ആർ.സെബാസ്റ്റ്യൻ പറഞ്ഞു. 2016–17 മുതലുള്ള കുടിശിക പിരിക്കുന്നതിനു സാധുതയുമില്ല.
2016ലും 2021ലും ടാക്സ് റിവിഷൻ നടക്കേണ്ടതായിരുന്നു എങ്കിലും നടന്നില്ല. മണ്ണാർക്കാട് നഗരസഭയായത് 2015ലാണ്. നഗരസഭയായ ഉടനെ നികുതി അടിച്ചേൽപിക്കേണ്ടെന്ന നിലപാടാണ് 2015– 20 കാലത്തെ ഭരണസമിതി സ്വീകരിച്ചത്. അതുകൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചില്ല. അന്തിമ വിജ്ഞാപനമില്ലാതെ നികുതി പിരിക്കാൻ നിയമ സാധുത ഉണ്ടാവില്ലെന്നും സെബാസ്റ്റ്യൻ പറഞ്ഞു. നിലവിലെ നിയമങ്ങൾ മറികടന്നു നികുതി പിരിക്കുന്നതു നിയമ വിരുദ്ധമാണെന്നു കെ.മൻസൂർ, മുഹമ്മദ് ഇബ്രാഹിം എന്നിവർ പറഞ്ഞു.
ഇക്കാര്യത്തിൽ വ്യക്തത വരുന്നതു വരെ നികുതി കുടിശിക നോട്ടിസ് അയയ്ക്കുന്നതു നിർത്തി വയ്ക്കണമെന്നും സി.പി.പുഷ്പാനന്ദൻ ആവശ്യപ്പെട്ടു. നികുതി കുടിശിക പിരിക്കുന്നത് നിയമ വിരുദ്ധമാണെന്നു സിപിഎം കൗൺസിലർമാർ ഉന്നയിച്ച വിഷയം ശരിയാണോ അല്ലയോ എന്നു സെക്രട്ടറി പറയണമെന്ന് ലീഗ് കൗൺസിലർ സി.ഷഫീക് റഹ്മാൻ ആവശ്യപ്പെട്ടു. നിയമമില്ലാതെയാണു നികുതി പിരിക്കുന്നതെങ്കിൽ ഐകകണ്ഠ്യേന നികുതി പിരിക്കുന്നതു വേണ്ടെന്നു വയ്ക്കുമെന്നു ചെയർമാൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു.
കുടിശിക നോട്ടിസ്: കണ്ണു തള്ളി കെട്ടിടം ഉടമകൾ
മണ്ണാർക്കാട്∙ നഗരസഭയിലെ കെട്ടിടം ഉടമകൾക്ക് ലക്ഷങ്ങൾ നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ്. 2016 മുതലുള്ള നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിലാണു നോട്ടിസ് ലഭിച്ചു തുടങ്ങിയത്. 4700 രൂപയുണ്ടായിരുന്ന ഒരു കെട്ടിടം ഉടമയോട് 1,29,374 രൂപ കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടാണു നോട്ടിസ് നൽകിയിരിക്കുന്നത്.
എന്നാൽ, സഞ്ചയ സൈറ്റിൽ പരിശോധിച്ചപ്പോൾ ഇതേ ഉടമയ്ക്കു പിഴയായി 91,994 രൂപ വേറെയും രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരം രൂപയിൽ താഴെ നികുതിയുണ്ടായിരുന്ന പലർക്കും ലക്ഷം കടന്നിട്ടുണ്ട്. 2016 മുതൽ കൃത്യമായി നികുതി അടച്ചവർക്കും കുടിശിക നോട്ടിസ് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ അടച്ച നികുതിയുടെ വിവരങ്ങൾ നോട്ടിസിൽ ഇല്ലതാനും.
സിപിഎം– ലീഗ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം
മണ്ണാർക്കാട്∙ നഗരസഭയിൽ സിപിഎം –ലീഗ് കൗൺസിലർ തമ്മിൽ വാക്കേറ്റവും എടാ പോടാ വിളിയും. നികുതി കുടിശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കൊടുവിൽ ലീഗ് കൗൺസിലർ ഇ.കെ.യൂസഫ് ഹാജി സംസാരിക്കാൻ എഴുന്നേറ്റയുടൻ അതൊക്കെ അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്ന് സിപിഎം കൗൺസിലർ കെ.മൻസൂർ ഇടപെട്ട് പറഞ്ഞതാണ് ബഹളത്തിന് തുടക്കം കുറിച്ചത്.
'തന്ത' തടഞ്ഞാലും തനിക്ക് പറയാനുള്ളത് പറയുമെന്ന് യൂസഫ് ഹാജി പറഞ്ഞു. ബാപ്പയെ പറഞ്ഞാൽ വിവരമറിയുമെന്ന് മൻസൂറും ഏറ്റ് പിടിച്ചു. ഇതോടെ യോഗം ഏറെ നേരം ബഹളത്തിൽ മുങ്ങി. വെള്ളക്കുപ്പിയെടുത്ത് എറിയാൻ ശ്രമമുണ്ടായി. ഇത് മറ്റ് കൗൺസിലർമാർ തടഞ്ഞു. വാഗ്വാദം കയ്യാങ്കളിയിലേക്ക് എത്തുന്നമെന്നായപ്പോൾ ഇരുപക്ഷത്തെയും അംഗങ്ങൾ ഇടപെട്ടു രംഗം ശാന്തമാക്കി.