ADVERTISEMENT

പാലക്കാട് ∙ ചേമ്പിൻതാളുകളിൽ അവർ കുറിച്ചു; നാടിനെ മാലിന്യത്തിൽ മുക്കരുത്. അതു വലിച്ചെറി‍ഞ്ഞു നാടിന്റെ, നഗരത്തിന്റെ സുഗന്ധം ഇല്ലാതാക്കരുത്. എന്നിട്ട് ആ ഇലത്താളുകളുമേന്തി ശുചിത്വ സന്ദേശം പകർന്നു വിദ്യാർഥികളും വീട്ടമ്മമാരും വ്യാപാരികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഹരിതകർമ സേനാംഗങ്ങളും ജനപ്രതിനിധികളും ഒത്തൊരുമിച്ച് ഇന്നലെ നടത്തിയ സ്വച്ഛതാറാലി നഗരത്തിനു വേറിട്ട  കാഴ്ചയായി. രണ്ടായിരത്തോളം പേർ പങ്കെടുത്ത റാലിയിൽ ചേമ്പിൻ ഇലകളിലും പനമ്പട്ടയിലും മെടഞ്ഞെടുത്ത തെങ്ങിൻ പട്ടയിലുമൊക്കെയാണ് ശുചിത്വ സന്ദേശങ്ങൾ എഴുതി ഉയർത്തിപ്പിടിച്ചിരുന്നത്. അത്രമേൽ പ്രകൃതിയോടിണങ്ങിയായിരുന്നു  സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നഗരസഭ ഇന്നലെ സ്വച്ഛതാ റാലി നടത്തിയത്. 

palakkad-students-who-participated-in-the-rally-organized-by-Palakkad-as-part-of-the-Swachh-Bharat-project-Palm-Springs-the-name-of-the-Palakkad-municipal-team-in-the-Indian-Swachhata-League-2
സ്വച്‌ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പാലക്കാട്ട് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത വിദ്യാർഥികൾ, ഇന്ത്യൻ സ്വച്‌ഛതാ ലീഗ് 2.0 –ൽ പാലക്കാട് നഗരസഭാ ടീമിന്റെ പേരായ ‘പാം സ്‌പ്രിങ്സ്’ തീർത്തപ്പോൾ.

ചേമ്പിൻതാളുമേന്തിയുള്ള റാലി വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും ഏറെ കൗതുകവും പകർന്നു. ഒപ്പം നാടിന്റെ ശുചിത്വത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന ഉറച്ച തീരുമാനത്തോടെയാണ് കുട്ടികളടക്കമുള്ളവർ‍ മടങ്ങിയത്. മാലിന്യ മുക്ത പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഒക്ടോബർ 2 വരെ സ്വച്ഛത ഹി സേവ ക്യാംപെയ്ൻ നടത്തുന്നതിന്റെ കൂടി ഭാഗമായാണു നഗരസഭ ശുചിത്വ, ഹരിത റാലി നടത്തി. താരേക്കാട്ടു നിന്നാരംഭിച്ച റാലി കോട്ടമൈതാനത്തു സമാപിച്ചു. തുടർന്നു നടന്ന ശുചിത്വ സമ്മേളനം നഗരസഭാധ്യക്ഷ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പ്രമീള ശശിധരൻ, ടി.ബേബി, മുതിർന്ന കൗൺസിലർ എൻ.ശിവരാജൻ, ഹെൽത്ത് സൂപ്പർവൈസർ ഇ.ടി.വിസ്മൽ, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com