റോപ്വേയിലെ യുവാക്കളുടെ നിലവിളി കേട്ടു വിനോദ സഞ്ചാരികളും നാട്ടുകാരും ഭയന്നു; സംഭവം മലമ്പുഴയിലെ മോക് ഡ്രിൽ...
Mail This Article
മലമ്പുഴ ∙ റോപ്‌വേയിൽ നിന്നു യുവാക്കളുടെ നിലവിളി കേട്ടു വിനോദ സഞ്ചാരികളും നാട്ടുകാരും ഭയന്നു. 5 മിനിറ്റ് കൊണ്ട് അവിടെ പൊലീസും അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും പാഞ്ഞെത്തി രക്ഷാപ്രവർത്തനം. പിന്നെ മനസ്സിലായി മോക് ഡ്രില്ലാണെന്ന്. റോപ് വേയിൽ ആൾ കുടുങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളും രക്ഷിക്കുന്ന രീതിയുമാണു മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്.
കഴിഞ്ഞദിവസം ജാർഖണ്ഡിലെ റോപ് വേ അപകടത്തെ തുടർന്നു പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണു റോപ് വേ ഉള്ള സ്ഥലങ്ങളിൽ രാജ്യവ്യാപകമായി ദേശീയ ദുരന്ത നിവാരണ സേന മോക് ഡ്രിൽ സംഘടിപ്പിച്ചത്. സേന ഡപ്യൂട്ടി കമാൻഡർ പ്രവീൺ എസ്. പ്രസാദ്, ടീം കമാൻഡർ ഇൻസ്പെക്ടർ എക്സിക്യൂട്ടീവ് എ.കെ.ചൗഹാൻ എന്നിവരുടെ നേതൃത്വത്തിൽ 25 അംഗ സേനയാണു മോക് ഡ്രിൽ അവതരിപ്പിച്ചത്. പാലക്കാട് തഹസിൽദാർ ടി. രാധാകൃഷ്ണൻ, ഭൂരേഖാ തഹസിൽദാർ വി. സുധാകരൻ, അഗ്നിരക്ഷാ സേന, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മോക് ഡ്രില്ലിൽ സംഭവിച്ചത്: റോപ് വേ അധികൃതർ യുവാക്കൾ കുടുങ്ങിക്കിടക്കുന്ന വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുന്നു. അഗ്നിരക്ഷാ സേന വിവരം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ അറിയിച്ച ശേഷം സംഭവ സ്ഥലത്തേക്കു പാഞ്ഞെത്തുന്നു. എമർജൻസി സെന്ററിൽ നിന്നു ജില്ലാ കലക്ടർക്കും തഹസിൽദാർക്കും പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും വിവരം കൈമാറുന്നു. മെഡിക്കൽ സംഘവും പൊലീസും സ്ഥലത്ത് എത്തുന്നു. അഗ്നിരക്ഷാ സേനയ്ക്കു രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാണെന്നു തിരിച്ചറിഞ്ഞതോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുന്നു.
ജില്ലാ കലക്ടർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. ദേശീയ ദുരന്തനിവാരണ സേന എത്തുന്നു. തമിഴ്നാട്ടിലെ ആർക്കോണം നാലാം ബറ്റാലിയനിലെ അങ്കിത് റാത്തിയും ശ്രീകാന്തും സുരക്ഷാ ഉപകരണങ്ങളുമായി റോപ്പിനു മുകളിലൂടെ യുവാക്കളുടെ അടുത്തെത്തി. യുവാക്കളെ രക്ഷിച്ചു. വൈദ്യസഹായം നൽകി.