‘ഞാൻ വാക്കുപാലിച്ചുപ്പാ...’; നാടിന്റെ ആനന്ദത്തിലേക്ക് അഫ്സലിന്റെ വിളി
Mail This Article
ഒറ്റപ്പാലം ∙ പ്രതീക്ഷയുടെ തുമ്പത്തായിരുന്നു പാലപ്പുറത്തെ പുളിക്കലകത്തു വീട്. ചൈനയിലെ ഹാങ്ചോയിൽ, മുഹമ്മദ് അഫ്സൽ ട്രാക്കിലിറങ്ങിയ ദൃശ്യം തത്സമയം ടിവി ചാനലിൽ തെളിഞ്ഞതോടെ വീട്ടിലെ സ്വീകരണമുറി ഉദ്വേഗ മുനമ്പിലായി. കുടുംബാംഗങ്ങൾ പ്രാർഥനയോടെ ടിവിയിലേക്കു കണ്ണുനട്ടു. അഫ്സൽ വെള്ളി മെഡൽ ഉറപ്പിച്ചതിനു പിന്നാലെ ഉപ്പ മുഹമ്മദ് ബഷീറും ഉമ്മ ഹസീനയും ആനന്ദക്കണ്ണീരുമായി ആകാശത്തേക്കു കൈകളുയർത്തി ദൈവത്തെ സ്തുതിച്ചു. സ്കൂൾ കാലത്ത് 5 വർഷം തുടർച്ചയായി അഫ്സലിനു കരുത്തു പകർന്ന പരിശീലകൻ, പറളി ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ പി.ജി.മനോജിനും ഇപ്പോഴത്തെ പരിശീലകനായ അജിത് മാർക്കോസിനും മാതാപിതാക്കൾ നന്ദി അറിയിച്ചു.
ഏറെ വൈകാതെ ഉമ്മയുടെ മൊബൈൽ ഫോണിലേക്ക് അഫ്സലിന്റെ വിളിയെത്തി. ഉപ്പയോട് അഫ്സൽ പറഞ്ഞു: ‘ഞാൻ ഉപ്പായ്ക്കു തന്ന വാക്കു പാലിച്ചുപ്പാ..’ മുഹമ്മദ് ബഷീർ, വീട്ടിൽ സൂക്ഷിച്ചിരുന്ന ദേശീയ പതാക ഉയർത്തിപ്പിടിച്ച് ആവേശഭരിതനായി. സംസ്ഥാന എസ്ടി - എസ്ടി കമ്മിഷൻ അംഗവും മുൻ എംപിയുമായ പാലപ്പുറം സ്വദേശി എസ്.അജയകുമാറും, ഒറ്റപ്പാലം നഗരസഭാ ഉപാധ്യക്ഷൻ കെ.രാജേഷും ഉൾപ്പെടെ ഒട്ടേറെ നാട്ടുകാർ അഫ്സലിന്റെ കുടുംബത്തോടൊപ്പം ആഹ്ലാദവും ആവേശവും പങ്കുവച്ചു. അടുത്ത ലക്ഷ്യം ഒളിംപിക്സ് മെഡലാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു കുടുംബത്തിനും നാട്ടുകാർക്കും ഒരേ മറുപടി: ‘സംശയമെന്ത്..? അവനതു സാധ്യമാക്കും’
സ്റ്റോപ് ഇല്ലാത്ത ജൈത്രയാത്ര
പാലപ്പുറത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ മുഹമ്മദ് അഫ്സലിന്റെ പഠനം. കായിക താരമാകണമെന്ന മോഹവുമായാണു പറളി ഹയർസെക്കൻഡറി സ്കൂളിലേക്കു മാറിയത്. നാട് ഉറങ്ങിക്കിടക്കുന്ന പുലർക്കാലത്തു സ്കൂളിലെത്തി പരിശീലനം നേടാൻ പുറപ്പെടുന്ന മകന് ഉമ്മയും ഉപ്പയും സഹോദരി സിത്താരയും പിന്തുണയായി. പുലർച്ചെ പത്രക്കെട്ടുകൾ വിതരണം ചെയ്തു പാലക്കാട്ടേക്കു മടങ്ങുന്ന വാഹനങ്ങളിലായിരുന്നു പലപ്പോഴും സ്കൂളിലേക്കുള്ള യാത്രകൾ.
സംസ്ഥാന - ദേശീയ സ്കൂൾ മീറ്റുകളിൽ മെഡൽ കൊയ്തു തുടങ്ങിയ ജൈത്രയാത്ര, വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ അഫ്സലിനെ വ്യോമസേനയിലെത്തിച്ചു. സർവീസസ് താരമായി പിന്നെയും ഏറെ നേട്ടങ്ങൾ കൊയ്തു. കഴിഞ്ഞ വർഷത്തെ ദേശീയ മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ, 21 വർഷം നിലനിന്നിരുന്ന റെക്കോർഡ് തിരുത്തിക്കുറിച്ചാണ് അഫ്സൽ സ്വർണം നേടിയത്.