‘ഗൗഡർ’ ഇനി ഓർമകളുടെ വെള്ളിത്തിരയിൽ; പൊളിച്ചുനീക്കുന്നത് ജില്ലയിലെ ആദ്യ തിയറ്റർ
Mail This Article
പാലക്കാട് ∙ പാലക്കാടൻ സിനിമാ ചരിത്രത്തിന്റെ ഒരേട് ഇല്ലാതാകുന്നു. ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും തിയറ്റർ എന്നു പെരുമ കേട്ട വടക്കന്തറയിലെ ‘ഗൗഡർ പിക്ചർ പാലസ്’ സിനിമാപ്രേമികളുടെ ഒാർമയായി മാറുന്നത്. 2003ൽ ഷോ അവസാനിപ്പിച്ചെങ്കിലും തിയറ്റർ പൊളിച്ചു നീക്കുന്നത് ഇപ്പോഴാണ്. ശിവാജി ഗണേശൻ, എംജിആർ, പ്രേംനസീർ മുതൽ രജനീകാന്ത് വരെയുള്ളവരുടെ ഡയലോഗും പാട്ടുകളും ഗൗഡർ തിയറ്ററുമായി ചേർത്തുവച്ചാണു പാലക്കാടിന്റെ പഴയ തലമുറ ഓർമിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കർണാടകയിലെ മാണ്ഡ്യയിൽ നിന്നു പാലക്കാട്ടേക്കു കുടിയേറിയ 4 കുടുംബങ്ങളിൽ നിന്നാണു ഗൗഡർ തിയറ്ററിന്റെ കഥ തുടങ്ങുന്നത്. ബീഡി നിർമാണം, കയറ്റുമതി. വസ്ത്ര നിർമാണം എന്നിവയിലൂടെ ശ്രദ്ധനേടിയ ഇവരിൽ തിരുമല ഗൗഡർ എന്ന കലാസ്വാദകൻ 1925ൽ വടക്കന്തറ എണ്ണക്കര തെരുവിലെ ദണ്ഡപാണി നാടകശാല സ്വന്തമാക്കി. വൈകാതെ അതു തിയറ്ററാക്കി. തറയിൽ ഇരുന്നു കാണുന്നതിനു രണ്ടര അണയായിരുന്നു അന്നു നിരക്ക്. 1930 മുതൽ 1970 വരെ തിയറ്ററിന്റെ സുവർണ കാലഘട്ടമായിരുന്നു.
സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് അംഗമായിരുന്ന തിരുമല, 1934ൽ ഗാന്ധിജി പാലക്കാട്ടെത്തിയപ്പോൾ തന്റെ തിയറ്ററിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 1956ൽ തിരുമല ഗൗഡർ അന്തരിച്ചു. തുടർന്നു മക്കളായ ടി.കൃഷ്ണമൂർത്തി, ടി.ഭഗവതി, ടി.വെങ്കിട്ടരാമൻ, ടി.നടരാജൻ, ടി.പാണ്ഡുരംഗൻ, ടി.ഗോവിന്ദൻ എന്നിവർ ചേർന്നായി നടത്തിപ്പ്. മൂന്നുവട്ടം തിയറ്റർ നവീകരിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും തിയറ്ററിൽ കൊണ്ടുവന്നു.1986ൽ അന്നത്തെ ഡോൾബി സൗണ്ട് സിസ്റ്റം ഘടിപ്പിച്ചെങ്കിലും പ്രൊജക്ഷൻ ഡിജിറ്റൽ ആകാത്തതതിനാൽ വേണ്ടത്ര പ്രയോജനം ലഭിച്ചില്ല.