സുഹൃത്തുക്കൾക്കൊപ്പം ഏരിയിൽ കുളിക്കാനിറങ്ങിയ യുവാവു മുങ്ങിമരിച്ചു
Mail This Article
കൊഴിഞ്ഞാമ്പാറ ∙ സുഹൃത്തുകൾക്കൊപ്പം ഏരിയിൽ (ജലസേചനത്തിനുള്ള മിനി ഡാം) കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആറാം മൈൽ പരേതരായ ആറുമുഖൻ - സരസ്വതി ദമ്പതികളുടെ മകൻ ദിനേഷ് കാർത്തിക് (27) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. വീട്ടിലെത്തിയ 7 സുഹൃത്തുക്കൾക്കൊപ്പം മലക്കാട് കുന്നംപിടാരി ഏരിയിൽ നീന്തിക്കുളിക്കുന്നതിനിടെ ദിനേഷ് കാർത്തിക് ശരീരം തളർന്നു മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ചിറ്റൂരിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പാലക്കാട് സ്കൂബാ ടീമിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ വൈകിട്ട് 6 മണിയോടെ മൃതദേഹം കണ്ടെടുത്തു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്നു പൊലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സഹോദരങ്ങൾ: അശോകൻ, അനിൽകുമാർ, ആശ. അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജെയ്സൺ ഹിലാരിയോസ്, സ്റ്റേഷൻ ഫയർ ഓഫിസർ ടി.കെ.ജോഷി ദാസ്, ഫയർ ഓഫിസർമാരായ പി.എസ്.സന്തോഷ്കുമാർ, കെ.ആർ.സുബിൻ രാജ്, ബിജു, മനോജ്, സ്കൂബ ടീം അംഗങ്ങളായ പി.ഉമ്മർ, അപ്പുണ്ണി, രമേശ്, സുനിൽകുമാർ, സഞ്ജിത്ത് എന്നിവരാണ് തിരച്ചിൽ നടത്തിയത്.