തൃത്താല ഇരട്ടക്കൊലപാതകം: പൊലീസ് പ്രതിയുമായി തെളിവെടുപ്പു നടത്തി
Mail This Article
പട്ടാമ്പി ∙ തൃത്താല ഇരട്ടക്കൊലപാതകം പൊലീസ് പ്രതിയെ പട്ടാമ്പിയിലും തൃത്താലയിലും എത്തിച്ച് തെളിവെടുപ്പു നടത്തി. രണ്ട് സുഹൃത്തുക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ വീട്ടിൽ മുസ്തഫയെയാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി വാങ്ങിയ പട്ടാമ്പിയിലെ കടയിലും പട്ടാമ്പി പാലത്തിനപ്പുറം തൃത്താല പഞ്ചായത്തിലെ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിനു സമീപം കീഴായൂർ റോഡിലെ കടയിൽ നിന്നാണ് സുഹൃത്തുക്കളെ കഴുത്തറുത്ത് കൊല്ലാൻ ഉപയോഗിച്ച കത്തി വാങ്ങിയതെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകളിൽ തെളിവെടുപ്പിനെത്തിച്ചത്. കടക്കാരൻ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കത്തി വങ്ങിയതിന് ഗൂഗിൾ പേ ആയാണ് പണം നൽകിയതെന്നും പൊലീസ് പറഞ്ഞു. പുഴയിൽ മീൻ പിടിക്കാൻ ചൂണ്ടയിൽ കൊളുത്താൻ കോഴി വേസ്റ്റ് വാങ്ങിയ ഞാങ്ങാട്ടിരിയിലെ കോഴിക്കടയിലും കൊലപാതകത്തിന് മുൻപ് മൂന്ന് പേരും ചായയും ജ്യൂസും കഴിച്ച വികെ കടവ് റോഡിലെ കടയിലും ചൂണ്ടയും സിഗരറ്റും വാങ്ങിയ കടയിലും പൊലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനു ശേഷം പ്രതി എത്തിയ ഷൊർണൂരിലും ബന്ധു വീട്ടിലും പ്രതിയുമായി പൊലീസ് എത്തി.
ഷൊർണൂരിൽ പ്രതി ഉപേക്ഷിച്ച ചോരയിൽ മുങ്ങിയ ഷർട്ട് പൊലീസ് കണ്ടെടുത്തു. ബന്ധുവിന്റെ വീട്ടിലെത്തി അവരുടെ ഫോൺ ഉപയോഗിച്ച് പ്രതി വീട്ടിലേക്ക് ഫോൺ ചെയ്തതായും പ്രതിക്ക് ബന്ധുവീട്ടിൽ നിന്ന് പണമടക്കം ആവശ്യമായ സഹായങ്ങൾ നൽകിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പട്ടാമ്പി കോടതിയിൽ നിന്നു മൂന്നു ദിവസത്തേക്കാണ് പ്രതിയെ ചാലിശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. നാലിന് രാത്രിയോടെയാണ് കഴുത്തിന് വെട്ടേറ്റ നിലയിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ അൻസാർ മരിച്ചത്. അഞ്ചിന് മുസ്തഫയുടെ മറ്റൊരു സുഹൃത്തായ കാരക്കാട് തേനാത്ത് പറമ്പിൽ അഹമ്മദ് കബീറിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് ഭാരതപ്പുഴയിൽ കാണപ്പെട്ടത്. ഷൊർണൂർ ഡിവൈഎസ്പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ ചാലിശ്ശേരി സിഐ കെ. സതീഷ് കുമാർ, പട്ടാമ്പി സിഐ എ. പ്രതാപ്, ചിറ്റൂർ സിഐ ജെ. മാത്യു എന്നിവരും വിവിധ സ്റ്റേഷനുകളിലെ എസ്ഐമാരുമടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്