ഹൈക്കോടതിയുടെ ‘അടി’ കിട്ടിയ ദിവസം പൊലീസിന് പ്രതിയെയും കിട്ടി; പിടികൂടിയത് റാന്നിയിൽ നിന്ന്
Mail This Article
ചിറ്റൂർ ∙ അർജുൻ ആയങ്കി പ്രതിയായ മീനാക്ഷിപുരം സ്വർണക്കവർച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയ ദിവസം അവസാനത്തെ പ്രതിയെയും പിടികൂടി പൊലീസ്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ അർജുൻ ആയങ്കിക്കു ജാമ്യം അനുവദിച്ചിരുന്നു. അർഹതയില്ലാത്ത പ്രതിക്കു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പ്രതികളെ മുഴുവൻ പിടികൂടാത്തതാണു കുറ്റപത്രം സമർപ്പിക്കാത്തതിന്റെ കാരണമായി പൊലീസ് പറയുന്നത്.
അതേസമയം, കേസിലെ അവസാനത്തെ പ്രതിയും മുഖ്യ സൂത്രധാരന്മാരിൽ ഒരാളുമായ കോട്ടയം പെരമ്പുഴ കൊഞ്ചംകുഴിയിൽ വീട്ടിൽ കെ.ജിലീഷിനെ (42) നാലുദിവസത്തെ അന്വേഷണത്തിനൊടുവിൽ പത്തനംതിട്ട റാന്നിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. മുഴുവൻ പ്രതികളും അറസ്റ്റിലായതോടെ എത്രയും പെട്ടെന്നു കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണു പൊലീസ്.
രാഷ്ട്രീയ സമ്മർദങ്ങൾക്കിടെയാണു മീനാക്ഷിപുരം പൊലീസ് കേസ് അന്വേഷിച്ചത്. യഥാർഥ പേരോ ഫോട്ടോയോ ഒന്നുമില്ലാതെയാണ് മീനാക്ഷിപുരം പൊലീസ് അവസാനത്തെ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചത്. സിബി, സലീം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ജിലീഷ് മറ്റു തട്ടിപ്പു കേസുകളിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ഡിവൈഎസ്പി സി.സുന്ദരൻ എന്നിവരുടെ നിർദേശ പ്രകാരം ഇൻസ്പെക്ടർ എം.ശശിധരൻ, എസ്ഐ പൗലോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.വിനോദ്കുമാർ, കെ.വിനോദ്കുമാർ, എൻ.ഷിബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.