ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധന; ഫ്രിജിനകത്ത് ഉൾപ്പെടെ ഒളിപ്പിച്ച 14,000 രൂപ പിടികൂടി
Mail This Article
കൊഴിഞ്ഞാമ്പാറ ∙ കരിമണ്ണിൽ പ്രവർത്തിക്കുന്ന ഗോപാലപുരം മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 14,000 രൂപ പിടികൂടി. കന്നുകാലികളെ കയറ്റിവന്ന ലോറി ഡ്രൈവർമാരിൽ നിന്നു ‘കൈമടക്കായി’ വാങ്ങിയ പണം ഫ്രിജിനകത്തും പാത്രങ്ങൾ തൂക്കിയിടുന്ന സ്ഥലത്തും അലമാരയ്ക്കു പിന്നിലും ഉദ്യോഗസ്ഥന്റെ ശരീരത്തിലുമായാണ് ഒളിപ്പിച്ചിരുന്നത്. ഇന്നലെ പുലർച്ചെ 5ന് തുടങ്ങിയ പരിശോധന 7 വരെ തുടർന്നു. ഉദ്യോഗസ്ഥർ പണം വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസ് ശേഖരിച്ചു.
ചെക്പോസ്റ്റിന് ഒരു കിലോമീറ്റർ അപ്പുറം നിന്ന ഉദ്യോഗസ്ഥർ 4 കന്നുകാലി ലോറികൾ പരിശോധിച്ചു. അതിൽ മൂന്നെണ്ണത്തിനും ചെക്പോസ്റ്റിൽ നിന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഇതു പരിശോധനയില്ലാതെ കടത്തിവിട്ടതിന്റെ തെളിവാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു ലോറിക്കു സർട്ടിഫിക്കറ്റ് നൽകിയിരുന്നെങ്കിലും പണം വാങ്ങിയ ശേഷമാണു കടത്തിവിട്ടതെന്നു ലോറിത്തൊഴിലാളികൾ വിജിലൻസിനു മൊഴി നൽകിയിട്ടുണ്ട്. ഫ്രിജിൽ നിന്ന് 8,700 രൂപയും പാത്രങ്ങൾ തൂക്കിയിടുന്ന സ്ഥലത്തു നിന്ന് 1,800 രൂപയും അലമാരയ്ക്കു പിന്നിൽ നിന്ന് 1,500 രൂപയും ചെക്പോസ്റ്റിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ പി.പ്രദീപ്കുമാറിന്റെ ശരീരത്തിൽ നിന്ന് 2,000 രൂപയുമാണു വിജിലൻസ് കണ്ടെടുത്തത്.
സർട്ടിഫിക്കറ്റ് ഇല്ലാതെ ചെക്പോസ്റ്റ് കടന്ന 3 ലോറികൾ തമിഴ്നാട്ടിലേക്കു തന്നെ തിരിച്ചയച്ചു.അതേസമയം, ഇറച്ചിക്കോഴികളുമായി വരുന്ന ലോറികളിൽ നിന്നു കോഴി ഒന്നിന് ഒരു രൂപ എന്ന നിരക്കിൽ പ്രവേശന ഫീസ് ഈടാക്കേണ്ടതുണ്ട്. എന്നാൽ, നൂറുകണക്കിന് ഇറച്ചിക്കോഴി വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ ഒരു വാഹനത്തിൽ നിന്നു പോലും പ്രവേശനഫീസ് ഈടാക്കിയിട്ടില്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പി.പ്രദീപ്കുമാർ, അറ്റൻഡർ കാജാഹുസൈൻ എന്നിവർക്കെതിരെ തുടർ നടപടികൾക്കായി റിപ്പോർട്ട് നൽകുമെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു
വിജിലൻസ് ഇൻസ്പെക്ടർ എസ്.പി.സുജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബി.സുരേന്ദ്രൻ, കെ.അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ഉവൈസ്, കെ.രഞ്ജിത്ത്, കെ.സുഭാഷ്, സന്തോഷ്, ഗസറ്റഡ് ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ജിയോളജിസ്റ്റ് വി.ജെ.രാഹുൽ എന്നിവരാണു പരിശോധന നടത്തിയത്.മുൻപും ഇതേ ചെക്പോസ്റ്റിൽ പല തവണ നടത്തിയ പരിശോധനയിൽ കൈക്കൂലിയായി വാങ്ങിയ പണം കണ്ടെടുത്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി സ്ഥലം മാറ്റുന്നതിൽ ഒതുങ്ങുകയാണെന്ന ആക്ഷേപമുണ്ട്.