പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് മോഷണം; പണവും സ്വർണവും നഷ്ടമായി
Mail This Article
കൊപ്പം ∙ കരിങ്ങനാട് ചന്തപ്പടിയില്‍ പൂട്ടിയിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്നു മോഷണം. ഒന്‍പതര പവന് സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്നതായി പരാതി. കരിങ്ങനാട് ചന്തപ്പടിയില്‍ താമസിക്കുന്ന കരുണാലയത്തില്‍ കരുണാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്റെ അമ്മയും അമ്മൂമ്മയുമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ വീട് പൂട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോയതായിരുന്നു.
കരുണാകരന് തൃശൂരിലേക്ക് ജോലിക്കും പോയി. അന്നു രാത്രിയാണ് മോഷണം നടന്നതായി കരുതുന്നത്. രാവിലെ വീടിനു മുന്നില്‍ വച്ച പാല് ഏറെ വൈകിയിട്ടും പുറത്ത് തന്നെ ഇരിക്കുന്നത് കണ്ട പാല് വിതരണക്കാരന് വീട്ടില്‍ കയറി നോക്കിയപ്പോഴാണ് വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടത്.
വിവരമറിഞ്ഞു കൊപ്പം പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്തിരുന്നു. അകത്തുള്ള മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്‍പതര പവനോളം സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്നതായും പൊലീസ് കണ്ടെത്തി. അലമാരയിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി.