ADVERTISEMENT

ഒറ്റപ്പാലം ∙ ലോക്സഭ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമുള്ളപ്പോൾ ഒറ്റപ്പാലം നഗരസഭയിലെ കോൺഗ്രസ്, മുസ്‌ലിം ലീഗ് പോര് മുറുകുന്നു.‌‌ കോൺഗ്രസിനെതിരെ ലീഗ് നഗരസഭാ കമ്മിറ്റി കെപിസിസി പ്രസിഡന്റിനു കത്ത് നൽകിയതിനു പിന്നാലെ യുഡിഎഫ്, ലീഗ് നേതൃത്വങ്ങൾക്കു പരാതി നൽകാനാണു മുന്നണിയുടെ നഗരസഭാ കമ്മിറ്റി തീരുമാനം. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.ഗിരീശന്റെ സാന്നിധ്യത്തിൽ ലീഗ് പ്രതിനിധികളെ കൂടാതെയായിരുന്നു യോഗം.

നഗരസഭയിലെ പാലാട്ട് റോഡ് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടെ കോൺഗ്രസിന്റെ ഭാഗത്തു നിന്നു കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ആരോപിച്ചാണു കഴിഞ്ഞ ദിവസം ലീഗ് നഗരസഭാ കമ്മിറ്റി കെപിസിസി പ്രസിഡന്റിനു കത്ത് നൽകിയിരുന്നത്. നഗരസഭാ ഭരണത്തിൽ കോൺഗ്രസ്, സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയെ സഹായിക്കുകയാണെന്ന് ആരോപിക്കുന്ന കത്തിൽ ബിജെപിയുടെ വളർച്ച സംബന്ധിച്ച ആശങ്കയും ലീഗ് നേതൃത്വം പങ്കുവച്ചിരുന്നു.

ആരോപണങ്ങൾ പൂർണമായി തള്ളുകയായിരുന്നു കോൺഗ്രസ് കേരള കോൺഗ്രസ്, പ്രതിനിധികൾ പങ്കെടുത്ത യുഡിഎഫ് യോഗം. നഗരസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നവംബറിൽ ലീഗ് മുനിസിപ്പൽ കമ്മിറ്റിയുമായി ആലോചനകൾ നടത്തിയിരുന്നെന്നും തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതിരുന്ന ലീഗ് പ്രാദേശിക നേതൃത്വം രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നും നേതാക്കൾ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ്, ലീഗ് നേതൃത്വങ്ങൾക്കു പരാതി നൽകുമെന്നു നേതാക്കൾ അറിയിച്ചു.

യുഡിഎഫ് ചെയർമാനു പുറമേ, ഡിസിസി സെക്രട്ടറി കെ.ശ്രീവത്സൻ, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ.ജയരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദലി നാലകത്ത് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com