അർജുന തിളക്കത്തിൽ ശ്രീശങ്കർ: വീട്ടിൽ അമിത സന്തോഷം പിറ്റിനു പുറത്ത്; ലക്ഷ്യം ഒളിംപിക്സ് മെഡൽ
Mail This Article
പാലക്കാട് ∙ അർജുന അവാർഡിന് അർഹനായെന്ന ആഹ്ലാദവാർത്ത ബാങ്കോക്കിലായിരുന്ന എം.ശ്രീശങ്കറിനെ മാതാപിതാക്കൾ അറിയിച്ചപ്പോൾ അമിത ആഹ്ലാദമൊന്നും പ്രകടിപ്പിച്ചില്ല. ഇന്നലെ വീട്ടിലെത്തിയപ്പോൾ ശങ്കു അതിനു കാരണം പറഞ്ഞു: ‘സങ്കടം മറികടക്കാൻ പഠിച്ചു, സമ്മർദം നേരിടാൻ മെഡിറ്റേഷൻ; അമിത സന്തോഷം പിറ്റിനു പുറത്ത്.’ശങ്കു ഇന്നലെ എത്തിയതോടെ യാക്കരയിലെ വീട്ടിൽ അർജുനയും ക്രിസ്മസും പുതുവത്സരവും ഒന്നിച്ചെത്തിയ ആഹ്ലാദമായി. പുതുവർഷ പ്രതീക്ഷകൾ ശങ്കു 'മനോരമയോടു പങ്കുവച്ചു.
സ്വപ്ന നേട്ടങ്ങൾ?
അർജുന അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ കിട്ടിയതിൽ സന്തോഷമുണ്ട്. ഇനിയും ഏറെദൂരം പിന്നിടാനുണ്ട്. അതിനുള്ള പരിശീലനത്തിലാണ്.
പോയവർഷം?
ഡയമണ്ട് ലീഗ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ മത്സരങ്ങളിൽ മെഡൽ നേടാൻ കഴിഞ്ഞെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ചില മത്സരങ്ങളിൽ കഴിഞ്ഞിട്ടില്ല. ഇടതു കാൽമുട്ടിനു താഴെയുള്ള പരുക്ക് കഴിഞ്ഞ വർഷം വെല്ലുവിളിയായി. പ്രകടനത്തെ ഈ പരുക്ക് വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ പരുക്കു മറികടന്നു തുടങ്ങിയിട്ടേ ഉള്ളൂ.
പുതുവർഷ പ്രതീക്ഷകൾ?
ഒളിംപിക്സ് മെഡൽ തന്നെയാണു പുതുവർഷത്തിലെ വലിയ പ്രതീക്ഷ. പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ദിവസവും രാവിലെ 10 മുതൽ 11.30 വരെയും വൈകിട്ട് 5 മുതൽ 8.30 വരെയും. നല്ല കാലാവസ്ഥയായതിനാൽ പാലക്കാട്ടു തന്നെയാണു പരിശീലനം. തിരുവനന്തപുരത്തും ബെംഗളൂരുവിലും പരിശീലനം നടത്തും. ഒളിംപിക്സിനു മുൻപ് ഏപ്രിലിൽ ചൈനയിലും മേയിൽ ഖത്തറിലും ഡയമണ്ട് ലീഗിൽ പങ്കെടുക്കും.
അച്ഛൻ എസ്.മുരളിക്ക് പുറമേ മറ്റു പരിശീലകരുടെ സേവനം തേടുന്നുണ്ടോ?
ഇല്ല. അച്ഛന്റെ കഠിനാധ്വാനത്തിനു ലഭിച്ച ഫലമാണ് എന്റെ ഓരോ മെഡലും. മത്സര വിജയങ്ങളിൽ അഭിനന്ദനം ലഭിക്കുന്നത് എനിക്കാണെങ്കിലും തോൽവികളിൽ ക്രൂശിക്കപ്പെടുന്നത് അച്ഛനാണെന്നു തോന്നിയിട്ടുണ്ട്. എന്നെ ഇവിടെ വരെ എത്തിച്ചതു കായിക താരങ്ങളായ അച്ഛന്റെയും അമ്മയുടെയും മേൽനോട്ടത്തിലുള്ള പരിശീലനമാണ്.
പരിശീലനം കഴിഞ്ഞുള്ള വേളകൾ?
പൊതുവേ എനിക്കു സോഷ്യൽ ലൈഫ് ഇല്ലെന്നു തന്നെ പറയാം. പരിശീലനം ഉള്ളതിനാൽ യാത്രകൾ ഇല്ല. ആഹാര നിയന്ത്രണം പാലിക്കുന്നതിനാൽ പുറത്തുപോയി ആഹാരം കഴിക്കാറില്ല. ഒരു സിനിമ കണ്ടു തീർക്കാൻ പോലും ചിലപ്പോൾ നാലഞ്ചു ദിവസം എടുക്കും. ദിവസവും വായിക്കാൻ മാത്രം അൽപസമയം കണ്ടെത്താറുണ്ട്.
മാനസിക സമ്മർദം?
സങ്കടത്തെ മറികടക്കാൻ പഠിച്ചു. മത്സര സമ്മർദം മറികടക്കാൻ മെഡിറ്റേഷൻ ശീലമാക്കിയിട്ടുണ്ട്.ബാങ്കോക്കിൽ നിന്നു ശങ്കു ഇന്നലെ യാക്കരയിലെ വീട്ടിലെത്തിയപ്പോൾ ബന്ധുക്കളും നാട്ടുകാരും ക്രിസ്മസ് കേക്കു നൽകിയാണു സ്വീകരിച്ചത്. കേക്കു മുറിച്ച് അച്ഛൻ എസ്. മുരളിക്കും അമ്മ കെ.എസ്. ബിജിമോൾക്കും നൽകിയ ശേഷം ശങ്കു നുണഞ്ഞത് ഒരു നുള്ളു മാത്രം. ക്രിസ്മസ് ആണെങ്കിലും കേക്ക് കഴിച്ച് ആഹാരക്രമം തെറ്റിക്കാൻ ശങ്കു ഒരുക്കമല്ല.