പുളിനെല്ലി ഇരട്ടക്കുളങ്ങരയിൽ പെരുംപൂജ ആഘോഷിച്ചു
Mail This Article
കോട്ടായി ∙ പൈതൃക പെരുമയിൽ പുളിനെല്ലി ഇരട്ടക്കുളങ്ങര ഭഗവതി അഞ്ചുമൂർത്തി ക്ഷേത്രത്തിൽ പെരുംപൂജ ആഘോഷിച്ചു. രാവിലെ നടന്ന മഹാഗണപതി ഹോമത്തോടെ ഉത്സവത്തിന് ആരംഭമായി. തുടർന്നു നടന്ന പന്തീരടി പൂജയ്ക്കു ശേഷം വൈകിട്ട് തന്ത്രി പനാവൂർ മന ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ശ്രീമൂല സ്ഥാനത്ത് വിശേഷാൽ പൂജകൾ നടത്തി. ആറോടെ ആന, പഞ്ചവാദ്യം, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ അഞ്ചുമൂർത്തി അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച എഴുന്നള്ളിപ്പ് ഭഗവതി ക്ഷേത്രത്തിൽ എത്തിയതോടെ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന അത്താപൂജ തുടങ്ങി. ക്ഷേത്രക്കുളത്തിൽ വെളിച്ചപ്പാടിന്റെ നിയോഗം ഭക്തരെ ധന്യമാക്കി. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടും മണ്ഡലകാലത്ത് നിർത്തിവച്ചതുമായ ചട്ടി വയ്പ് പൂജയ്ക്കു തുടക്കംകുറിച്ചു. ക്ഷേത്രം മേൽശാന്തി മാത്തൂർ അഗ്രഹാരം കണ്ണൻ സ്വാമി പ്രധാന കാർമികത്വം വഹിച്ചു. ആയിരത്തോളം ചെറുചട്ടികൾ ഭക്തർ വഴിപാടായി സമർപ്പിച്ചിരുന്നു. നിശ്ചിത അളവിൽ നിവേദ്യം പകർന്ന ചെറുചട്ടികൾ ജലദുർഗയുടെ തൃപ്തിക്കായി കുളത്തിൽ എറിഞ്ഞതിനു ശേഷം നടന്ന പ്രസാദ വിതരണത്തോടെ ഉത്സവത്തിനു സമാപനമായി.
താലപ്പൊലി ആഘോഷം ഇന്ന്
ഇന്നു നടക്കുന്ന താലപ്പൊലി ആഘോഷത്തോടുകൂടി മൂന്നു ദിവസമായി നടക്കുന്ന ക്ഷേത്രോത്സവത്തിനു സമാപനമാകും. രാവിലെ കൊറ്റുകുളങ്ങരക്കാവിൽ മന്ദേരി ഊട്ട്, വൈകിട്ട് 7ന് മെഗാഷോ, രാത്രി 10.30ന് ഡബിൾ തായമ്പക, 12നു താലം എഴുന്നള്ളിപ്പ്, താലം ചൊരിയൽ.