വയസ് 111, കൂട്ട് അഞ്ച് തലമുറയുടെ സ്നേഹവും കരുതലും; പേരിൽ കുഞ്ഞിമാളു, പ്രായത്തിൽ വലിയമാളു
Mail This Article
പടിഞ്ഞാറങ്ങാടി ∙ നൂറ്റപ്പതിനൊന്നിന്റെ നിറവിൽ കുഞ്ഞിമാളു മുത്തശ്ശി. തെളിഞ്ഞ ഓർമയുടെ ഒരു നൂറ്റാണ്ടും പത്ത് വർഷവും പിന്നിട്ട ഇൗ മുത്തശ്ശിക്ക് അഞ്ച് തലമുറയുടെ സ്നേഹവും കരുതലുമാണ് കൂട്ട്. പട്ടിത്തറ പഞ്ചായത്തിലെ അരിക്കാട് പുല്ലാനിക്കാട്ടുപറമ്പിൽ കുഞ്ഞിമാളു അമ്മ (ചക്കമ്മ) 1913 മകരത്തിലാണ് ജനിച്ചത്. കേൾവി കുറവും നടക്കാനുള്ള ബുദ്ധിമുട്ടും മാറ്റി നിർത്തിയാൽ മുത്തശ്ശി ഇപ്പോഴും സന്തോഷവതിയാണ്. മക്കൾക്കും പേരകുട്ടികൾക്കും മുത്തശ്ശിയുടെ കാര്യങ്ങൾ കഴിഞ്ഞെ മറ്റെന്തും ഉള്ളൂ. മത്സ്യവും മാംസാഹരവും മധുര പലഹരങ്ങളുമാണ് മുത്തശ്ശിക്ക് ഏറെ പിയം. ആറ് മാസം മുൻപ് വരെ പത്രവായനയും ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. മൂന്ന് പേർ ഇവർക്ക് ഭർത്താവായി ഉണ്ടായിരുന്നു. മൂന്നാമത്തെ ഭർത്താവ് 28 വർഷം മുൻപ് മരിച്ചു.
11 മക്കളുടെ അമ്മയായ ചക്കമ്മക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്നത് ആറ് മക്കൾ മാത്രം. മൂത്തമകൻ വാസുദേവന് ഇപ്പോൾ പ്രായം 90 കഴിഞ്ഞു. ജാനകി, ഭാർഗവി, പത്മാവതി, ജയരാജൻ, പ്രേമകുമാരി എന്നവാരാണ് അമ്മയുടെ മക്കൾ. മകളുടെ മകൾ ബിന്ദുവിന്റെ ഒപ്പമാണ് മുത്തശ്ശി ഇപ്പോഴുള്ളത്. ബിന്ദുവിന്റെ വിദേശത്ത് ജോലിയുള്ള മകൻ ശ്രീരാഗ് മുന്നിട്ടിറങ്ങിയതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലാം ചേർന്ന് മുത്തശ്ശിയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു. ഇൗ അപൂർവ്വ പിറന്നാൾ ആഘോഷം കുടുംബാംഗങ്ങൾക്ക് മാത്രമല്ല ഗ്രാമത്തിനും മറക്കാനവാത്ത വിരുന്നായി. മന്ത്രി എം.ബി.രാജേഷ് വി.ടി.ബലാറാം ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ ഉൾപടെ നിരവധി പേർ മുത്തശ്ശിക്ക് ആശംസ അർപ്പിക്കിക്കാൻ അരിക്കാടുള്ള വസതിയിൽ എത്തിയിരുന്നു.