ADVERTISEMENT

മണ്ണാർക്കാട്∙ കട്ടിലിനെ ചൊല്ലി മണ്ണാർക്കാട് നഗരസഭയിൽ ബഹളം. വിവിധ വാർഡുകളിലേക്ക് അനുവദിച്ച കട്ടിലുകളുടെ ഇരുപത് ശതമാനം നഗരസഭ അധ്യക്ഷൻ ആവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. നഗരസഭയിലെ പ്രായമായവർക്ക് കട്ടിൽ നൽകുന്ന കാര്യം കൗൺസിലിൽ ചർച്ചയ്ക്ക് വന്നതോടെയാണ് കട്ടിലിനെ ചൊല്ലി നഗരസഭ അധ്യക്ഷനും സിപിഎം, കോൺഗ്രസ് കൗൺസിലർമാരും തമ്മിൽ തർക്കം നടന്നത്.

ഒരു വാർഡിലേക്ക് ആറ് വീതം കട്ടിൽ എന്ന കണക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ നിന്ന് 20ശതമാനം കട്ടിൽ തനിക്ക് വേണമെന്ന് അധ്യക്ഷൻ സി.മുഹമ്മദ് ബഷീർ സഭയെ അറിയിച്ചു. അത് പറ്റില്ലെന്ന് കോൺഗ്രസ് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ബാലകൃഷ്ണൻ പറഞ്ഞു. സ്റ്റാൻഡിങ് കൗൺസിലിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നപ്പോഴും താൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി ബാലകൃഷ്ണൻ പറഞ്ഞും. 

ഇതിനെ സിപിഎം കൗൺസിലർമാരായ കെ.മൻസൂർ, മുഹമ്മദ് ഇബ്രാഹിം, സി.പി.പുഷ്പാനന്ദൻ, കോൺഗ്രസിലെ അരുൺകുമാർ പാലക്കുർശ്ശി എന്നിവർ പിന്തുണച്ചു. എന്ത് പദ്ധതി നടപ്പാക്കുകയാണെങ്കിലും നിയമപരമായിരിക്കണമെന്ന് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ.സെബാസ്റ്റ്യനും നിലപാടെടുത്തു. വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിതരണത്തിൽ അധ്യക്ഷനുമാത്രമായി നിശ്ചിത തുക മാറ്റി വയ്ക്കാമെന്ന് എവിടെയും പറയുന്നില്ലെന്നും തുക തുല്യമായി വീതിക്കുന്നതാണ് ശരിയായ രീതിയെന്നും കൗൺസിലർമാർ പറഞ്ഞു. നിലവിൽ അനുവദിച്ച കട്ടിലുകളുടെ ഇരുപത് ശതമാനം അധ്യക്ഷനു നൽകിയാൽ ഒരു വാർഡിലേക്ക് അഞ്ചര കട്ടിൽ വീതമേ നൽകാൻ കഴിയൂവെന്നും കൗൺസിലർമാർ പറഞ്ഞു. 

ഇതോടെ അധ്യക്ഷൻ കട്ടിലിൽ നിന്ന് പിൻമാറി. എല്ലാ വാർഡുകളിലേക്കും ആറ് കട്ടിലുകൾ വീതം നൽകാൻ തീരുമാനിച്ചു. നഗരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള കാലുകൾ നാട്ടുന്നതിനുള്ള അനുമതി ദേശീയപാത വിഭാഗം അനുമതി നിഷേധിച്ചതായി അധ്യക്ഷൻ കൗൺസിൽ യോഗത്തെ അറിയിച്ചു. 47 ക്യാമറകളും ഇതിനായി കേബിളുകളും സ്ഥാപിക്കുന്നതിന് റോഡ് അരികിൽ 52 കാലുകൾ സ്ഥാപിക്കാനുള്ള അനുമതിക്കാണ് അപേക്ഷ നൽകിയിരുന്നത്. 

നിലവിലെ കേബിൾ ടിവി കേബിളുകൾ പദ്ധതിക്ക് ഉപയോഗപ്പെടുത്തിയാൽ 11 കാലുകൾ സ്ഥാപിക്കാനുള്ള അനുമതി മാത്രമേ ആവശ്യമായി വരികയുള്ളൂവെന്നും തുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് പുതുക്കാനും കൗൺസിൽ തീരുമാനിച്ചു. കാലുകളുടെ എണ്ണവും കേബിളും കുറവു വരുമ്പോൾ മിച്ചം വരുന്ന തുക ഉപയോഗിച്ച് തോരാപുരം, വടക്കുമണ്ണം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കൂടി ക്യാമറ സ്ഥാപിക്കണമെന്ന് ടി.ആർ.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. മണ്ണാർക്കാട് നായാടിക്കുന്ന് ഗ്രൗണ്ട് നവീകരിക്കാൻ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും സ്വകാര്യ വ്യക്തികളുടെ സഹായവും സ്വീകരിക്കാനും തീരുമാനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com