നികുതി സ്വീകരിക്കുന്നത് നിർത്തി; ഭൂവുടമകൾ വില്ലേജ് ഓഫിസറെ ഉപരോധിച്ചു
Mail This Article
മണ്ണാർക്കാട്∙ കോട്ടോപ്പാടം കച്ചേരിപ്പടി മേഖലയിൽ വനാതിർത്തിയോട് ചേർന്നുള്ള കൈവശ ഭൂമിയുടെ നികുതി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടോപാടം ഒന്ന് വില്ലേജ് ഓഫിസറെ സിപിഐയുടെ നേതൃത്വത്തിൽ ഭൂവുടമകൾ ഉപരോധിച്ചു. നികുതി സ്വീകരിക്കാൻ കലക്ടറുടെ ഉത്തരവുണ്ടായിട്ടും വില്ലേജ് ഓഫിസർ തടസ്സം നിൽക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
മണിക്കൂറുകൾ നീണ്ട ഉപരോധത്തിനു ശേഷം തിങ്കളാഴ്ച നികുതി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കോട്ടോപ്പാടം ഒന്ന് വില്ലേജിൽ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന കൃഷിഭൂമിയുടെയും പുരയിടത്തിന്റെയും നികുതി സ്വീകരിക്കുന്നത് സമീപകാലത്ത് നിർത്തി വച്ചിരുന്നു. പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് വർഷങ്ങളായി നികുതിയും അടയ്ക്കുന്നുണ്ട്.
എന്നാൽ നിലവിലെ വില്ലേജ് ഓഫിസർ വന്നതിനു ശേഷമാണ് നികുതി സ്വീകരിക്കുന്നത് നിർത്തി വച്ചത്. ഇതിനെതിരെ കർഷകർ കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന്, നേരത്തെ നികുതി സ്വീകരിക്കുകയും വനംവകുപ്പ് തടസ്സം പറയാത്ത കേസുകളിൽ നിലവിലെ സ്ഥിതി തുടരണമെന്നും തടസ്സം ഉള്ള കേസുകളിൽ വനം വകുപ്പുമായി ചേർന്ന് സംശയം തീർക്കാനും കലക്ടർ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകി ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവ് അനുസരിച്ച് തർക്കമില്ലാത്ത സ്ഥലത്തിന്റെ നികുതി സ്വീകരിക്കണമെന്നാണ് ഭൂ ഉടമകളുടെ ആവശ്യം. എന്നാൽ വനം വകുപ്പിന്റെ എൻഒസി ഉണ്ടെങ്കിലെ നികുതി സ്വീകരിക്കൂ എന്ന് വില്ലേജ് ഓഫിസർ പറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കിയത്.
ആധാരം ഉള്ളവർക്കെല്ലാം തണ്ടപ്പേർ നൽകി നികുതി സ്വീകരിച്ചിട്ടുണ്ടെന്നും ആധാരം ഇല്ലാത്തവരുടെ വസ്തുവിൻമേലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർവേ നടന്നു വരികയാണെന്നും വില്ലേജ് ഓഫിസർ എസ്.സുനിൽകുമാർ പറഞ്ഞു. വനം വകുപ്പ് തടസ്സം ഉന്നയിക്കാത്ത വസ്തുവിന്റെ നികുതി സ്വീകരിക്കാൻ കലക്ടറുടെ ഉത്തരവ് അനുസരിച്ച് തടസ്സമില്ലെന്ന് സിപിഐ ജില്ലാ അസി. സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ പറഞ്ഞെങ്കിലും വില്ലേജ് ഓഫിസർ വഴങ്ങിയില്ല.
കലക്ടറുടെ ഉത്തരവ് അനുസരിച്ച് നികുതി സ്വീകരിക്കാതെ പോകില്ലെന്ന് മണികണ്ഠനും നിലപാട് എടുത്തു. പ്രശ്നത്തിന് പരിഹാരമായിട്ടേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്നും അതുവരെ ഓഫിസിൽ കുത്തിയിരിക്കുമെന്നും പ്രഖ്യാപിച്ചു. വിവരം അറിഞ്ഞ് കൂടുതൽ ഭൂ ഉടമകൾ വില്ലേജ് ഓഫിസിലേക്ക് എത്തി. രണ്ട് മണിയോടെ മണ്ണാർക്കാട് നിന്ന് പൊലീസും സ്ഥലത്ത് എത്തി.
പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച നികുതി സ്വീകരിക്കാമെന്ന് വില്ലേജ് ഓഫിസർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഉറപ്പ് പാലിച്ചില്ലെങ്കിൽ പ്രതിഷേധവുമായി വീണ്ടും എത്തുമെന്ന് മണികണ്ഠൻ പറഞ്ഞു. സിപിഐ ജില്ലാ അസി.സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി, മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി എ.കെ.അബ്ദുൽ അസീസ്, ശേഖരൻ തിരുവിഴാംകുന്ന്, ഒ.ശിഹാബ്, ഒ.സമദ്, വി.ടി.കുഞ്ഞയമു, പി.ഹംസ, ഫ്രാൻസിസ് കൊച്ചുപ്പറമ്പിൽ, ഒ.സൈനുദ്ദീൻ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.