സൽമാന്റെ മനസ്സാണു ‘പൊന്ന് ’; മാലിന്യത്തിൽ നിന്നു കിട്ടിയ ‘സ്വർണക്കട്ടി’ ഇരുമ്പെന്നു കണ്ടെത്തൽ
Mail This Article
പാലക്കാട് ∙ പാതയോരത്തു നിന്നു കിട്ടിയതു ‘സ്വർണക്കട്ടി ’ അല്ലായിരുന്നെങ്കിലും കെ.സൽമാന്റെ മനസ്സിനു സ്വർണത്തിളക്കമാണ്. റോഡിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണു നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കൻ സൽമാനു കവറിൽ സൂക്ഷിച്ച നിലയിൽ ‘സ്വർണക്കട്ടി’ കിട്ടിയത്. വിവരം നഗരസഭാ സെക്രട്ടറിയെ അറിയിച്ചു. പിന്നീട് ഇതു സൗത്ത് പൊലീസിനു കൈമാറി. പക്ഷേ, പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ അത് ഇരുമ്പിൽ ചായം പൂശിയതാണെന്നു കണ്ടെത്തി.
സ്വർണമെന്നു കരുതിയപ്പോഴും സ്വർണമല്ലെന്നു തിരിച്ചറിഞ്ഞപ്പോഴും സൽമാനു ഭാവവ്യത്യാസമൊന്നുമില്ലായിരുന്നു. നഗരസഭാ ജീവനക്കാരനു ‘സ്വർണക്കട്ടി’ ലഭിച്ചെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായി. മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിന്റെ ഭാഗമായി കവറുകൾ പ്രത്യേകം പരിശോധിക്കാറുണ്ട്. അത്തരം പരിശോധനയുടെ ഭാഗമായി കവർ തുറന്നപ്പോഴാണു തിളക്കമുള്ള വസ്തു കണ്ടെത്തിയത്. കവറിൽ കാലിയായ 3 മദ്യക്കുപ്പികളുമുണ്ടായിരുന്നു. കണ്ടെത്തിയ ‘വ്യാജ സ്വർണം ’ സ്വർണക്കടത്തുകാർ കബളിപ്പിക്കുന്നതിനു തയാറാക്കിയതാണോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
സ്വർണമായിരുന്നെങ്കിലോ ?
300 ഗ്രാം തൂക്കം വരുന്ന ആ കട്ടി സ്വർണമായിരുന്നെങ്കിൽ 37.5 പവൻ വരുമായിരുന്നു. ഏതാണ്ട് 17 ലക്ഷത്തോളം രൂപ വില വരും. കേസ് റജിസ്റ്റർ ചെയ്തു പൊലീസ് സ്വർണക്കട്ടി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. പിന്നീടു ട്രഷറിയിലേക്കു മാറ്റും. ആരെങ്കിലും കൃത്യമായ രേഖകൾ ഹാജരാക്കിയാൽ മാത്രം വിട്ടു നൽകും.