പുലർവെട്ടത്തിൽ വാർത്തകളുമായി ‘ന്യൂസ് പേപ്പർ ഗേൾസ്’
Mail This Article
പുതുനഗരം ∙ സൈക്കിൾ ബെല്ലടിച്ചു വീടിനു മുന്നിൽ പത്രമിടുന്ന ന്യൂസ് പേപ്പർ ബോയ്സ്... അതൊരു കാലത്തിന്റെ അടയാളമാണ്. എന്നാൽ പുതിയ കാലത്തിൽ പുലർവെട്ടത്തിലെത്തുന്ന ‘ന്യൂസ് പേപ്പർ ഗേൾസ്’ മറ്റൊരു അടയാളപ്പെടുത്തലാവുകയാണ്. മലയാള മനോരമയുടെ വിരിഞ്ഞിപ്പാടം ഏജന്റ് കെ.ഉണ്ണിക്കൃഷ്ണന്റെ പത്രം വിതരണം ചെയ്യുന്ന എസ്.സരിത, സി.ചാന്ദിനി, വി.അമൃത, കെ.നന്ദന എന്നിവരാണു സൈക്കിളിലും സ്കൂട്ടറിലുമായി വീടുകളിൽ പത്രവിതരണം നടത്തുന്ന ന്യൂസ് പേപ്പർ ഗേൾസ്.
നെന്മാറ എൻഎസ്എസ് കോളജിൽ ബിഎസ്‌സി ഗണിതം രണ്ടാം വർഷ വിദ്യാർഥിനിയായ പൂന്തോണി പുത്തൻകുളമ്പിൽ സി.ചന്ദ്രന്റെ മകൾ സി.ചാന്ദിനിയാണ് പത്രവിതരണ രംഗത്തേക്കു ചുവടുവയ്ക്കുന്ന ആദ്യത്തെയാൾ.
വീട്ടിലെ ജോലികൾക്കൊപ്പം കേറ്ററിങ്, തൊഴിലുറപ്പ് എന്നിവയ്ക്കെല്ലാം പോകുന്ന എഡിഎസ് ആയ എസ്.സരിത പത്ര ഏജന്റായ ഭർത്താവ് വടവന്നൂർ പിലാപ്പുള്ളിയിൽ കെ.ഉണ്ണിക്കൃഷ്ണനെ സഹായിക്കാനാണു പത്രവിതരണം തുടങ്ങിയത്. രാവിലെ നേരത്തെ എഴുന്നേറ്റു മക്കൾക്കു സ്കൂളിൽ പോകുന്നതിനുള്ള കാര്യങ്ങൾ ഒരുക്കിയ ശേഷമാണു പത്ര വിതരണത്തിനിറങ്ങുന്നത്. തിരിച്ചെത്തി അവരെ സ്കൂളിൽ വിട്ട ശേഷം മറ്റു ജോലികളിലേക്കു മാറും. ഇതിനിടയിൽ മക്കൾ പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
കൊഴിഞ്ഞാംപാറ നാട്ടുകൽ ഗവ.കോളജിൽ നിന്നു ബിഎസ്‌സി മൈക്രോ ബയോളജിയിൽ ബിരുദം നേടിയ, കരിപ്പോട് ഇല്ലത്തുകൊളുമ്പിൽ കെ.വേലുമണിയുടെ മകൾ വി.അമൃത പിഎസ്‌സി പഠനത്തിലാണ്. ഫീസ് നൽകാനും മൊബൈൽ റീചാർജ് ചെയ്യാനുമൊക്കെ വീട്ടുകാരിൽ നിന്നു പണം ചോദിക്കുന്നതിനു പകരം സ്വന്തമായൊരു വരുമാനം കണ്ടെത്താം എന്ന ചിന്തയിലാണ് പത്ര വിതരണത്തിലേക്ക് എത്തുന്നത്.
കൊല്ലങ്കോട് ആശ്രയം കോളജിൽ ബികോം വിദ്യാർഥിനിയായ, പൂന്തോണി പുത്തൻകുളമ്പിൽ സി.കുമാരന്റെ മകൾ കെ.നന്ദന സുഹൃത്ത് ചാന്ദിനി പത്ര വിതരണം നടത്തുന്നതു കണ്ടാണു കൂടെക്കൂടിയത്. പഠനത്തിനും യാത്രയ്ക്കും മറ്റ് വ്യക്തിഗത ആവശ്യങ്ങൾക്കെല്ലാം കുടുംബത്തെ ആശ്രയിക്കാതെ ചെറുതെങ്കിലും വരുമാനം കണ്ടെത്താമെന്നതും ഇവരെ മുന്നോട്ടു നയിക്കുന്നു. പുതുനഗരം, വടവന്നൂർ, പട്ടഞ്ചേരി പഞ്ചായത്തുകളിലായി ആയിരത്തോളം പത്രമുള്ള ഏജന്റ് ആണ് കെ.ഉണ്ണിക്കൃഷ്ണൻ. അതിൽ പകുതിയിലധികം പത്രങ്ങൾ വീടുകളിലെത്തിക്കുന്നത് ഈ ന്യൂസ് പേപ്പർ ഗേൾസ് ആണ്.