ADVERTISEMENT

വാളയാർ ∙ കഞ്ചിക്കോട് റെയിൽവേ ട്രാക്ക് കടന്നുപോവുന്ന വനമേഖലയിൽ ഇന്നലെ രാത്രി 7ന് വൻ അഗ്നിബാധ, പാലക്കാട്– തിരുച്ചിറപ്പള്ളി പാസഞ്ചർ ട്രെയിൻ ഒരു മണിക്കൂറിലേറെ നിർത്തിയിട്ടു. ഒന്നര മണിക്കൂറോളം വൈകിയാണ് ട്രെയിൻ പാലക്കാട് സ്റ്റേഷനിലെത്തിയത്. റെയിൽവേ ട്രാക്കിനരികിലെ ചുള്ളിമട വനമേഖലയിലാണ് തീപിടിത്തമുണ്ടായത്. ഇതോടെ സ്റ്റേഷൻ മാസ്റ്ററുടെ നിർദേശത്തെ തുടർന്നു കഞ്ചിക്കോട് സ്റ്റേഷനു തൊട്ടുമുൻപുള്ള വനമേഖയ്ക്കു സമീപം ട്രെയിൻ പിടിച്ചിട്ടു. റെയിൽവേ ട്രാക്ക്മാൻമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. 

പിന്നീട് കഞ്ചിക്കോട് അഗ്നിരക്ഷാസേനയ്ക്കു വിവരംനൽകി. കഞ്ചിക്കോട് സേനാംഗങ്ങൾ മറ്റൊരു രക്ഷാ പ്രവർത്തനത്തിലായതിനാൽ പാലക്കാട് സ്റ്റേഷനിലേക്കു വിവരം അറിയിച്ചു. തുടർന്നു പാലക്കാട് അഗ്നിരക്ഷാസേനയിലെ സേനാംഗങ്ങൾ സ്ഥലത്തെത്തി.

ഇവർ തീണയ്ക്കാൻ ശ്രമിച്ചെങ്കിലും വെളിച്ച ക്കുറവും കാറ്റിൽ തീ കൂടുതൽ മേഖലയിലേക്കു പടർന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണു തീ നിയന്ത്രണ വിധേയമായത്.  പിന്നീട് റെയിൽവേ ഉദ്യോഗസ്ഥരുടെ തുടർ പരിശോധനയ്ക്കു ശേഷം ട്രെയിൽ കടത്തിവിട്ടു. 7.45നു പാലക്കാട് എത്തേണ്ട ട്രെയിൽ 9.10നാണ് എത്തിയത്. അതേസമയം മറ്റു ട്രെയിനുകളുടെ സർവീസിനെ ഇതു ബാധിച്ചില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

ട്രാക്കിനരികിലെ കുറ്റിക്കാടുകൾ നീക്കിയില്ലെന്ന് ആരോപണം
കഞ്ചിക്കോട് ∙ വനമേഖലയിലൂടെ കടന്നുപോവുന്ന റെയിൽവേ ട്രാക്കിനരികിലെ കുറ്റിക്കാടുകളും പുല്ലുകളും വെട്ടിനീക്കാനും വൃത്തിയാക്കാനും വനംവകുപ്പിനു ഫണ്ടില്ല. സാധാരണ വേനൽ കാലത്തിനു മുൻപ് പ്രത്യേകം വാച്ചർമാരെ ഉപയോഗിച്ച് ട്രാക്കരിക് വൃത്തിയാക്കാറുണ്ടെങ്കിലും പലയിടത്തും ഇത്തരം പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. ഇന്നലെ കഞ്ചിക്കോട് വനമേഖലയിലുണ്ടായ അഗ്നിബാധയിൽ ട്രെയിൻ സർവീസ് തടസ്സപ്പെട്ടതിനു കാരണം ട്രാക്കരിക് വൃത്തിയാക്കാത്തതാണെന്നാണ് ആരോപണം. 

പലയിടത്തും വലിയ രീതിയിൽ പുല്ലുകളും കുറ്റിച്ചെടികളും വളർന്നിട്ടുണ്ട്. കഞ്ചിക്കോട് മേഖലയിൽ മുൻപും ഇത്തരം പ്രദേശങ്ങളിൽ അഗ്നിബാധ ഉണ്ടായിട്ടുണ്ട്. വേനൽക്കാലത്ത് മുൻ വർഷങ്ങളിൽ ഇത്തരം അപകടങ്ങൾ തടയാൻ കൂടുതൽ വാച്ചർമാരെ നിയോഗിക്കാറുണ്ടെങ്കിലും ഇക്കുറി ഫണ്ട് ഇല്ലാത്തതിനാൽ ഇതും നടന്നിട്ടില്ല. നിലവിലുള്ള താൽക്കാലിക വാച്ചർമാരുടെ ശമ്പളംപോലും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com