പട്ടാമ്പിക്ക് 11 കോടി; തൃത്താലയ്ക്ക് 16
Mail This Article
പട്ടാമ്പി ∙ സംസ്ഥാന ബജറ്റിൽ പട്ടാമ്പിക്ക് 11 കോടിയുടെ പദ്ധതികൾക്ക് തുക അനുവദിച്ചു.മുഹമ്മദ് മുഹസിൻ എംഎൽഎ നിർദേശിച്ച രണ്ട് പദ്ധതികൾക്കായാണ് 11 കോടി രൂപ അനുവദിച്ചത്. കുലുക്കല്ലൂർ പഞ്ചായത്തിന്റെ ദീർഘകാല ആവശ്യമായ മപ്പാട്ടുകര റെയിൽവേ അണ്ടർ ബ്രിജ് നിർമാണത്തിന് 6 കോടി രൂപയുടെ അനുമതി ലഭിച്ചു.
കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ഓർച്ചാഡ് നവീകരണത്തിനായി സമർപ്പിച്ച 5 കോടി രൂപയുടെ പദ്ധതിയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. പട്ടാമ്പി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പാർക്കുകൾ നിർമിക്കുകയും ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സെൻട്രൽ ഓർച്ചാഡ് ഫാം ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. എംഎൽഎ നിർദേശിച്ച 20 പദ്ധതികളിൽനിന്നാണ് രണ്ടെണ്ണത്തിന് 11 കോടി രൂപയുടെ അനുമതി. മറ്റ് 18 പദ്ധതികളും ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ നൽകിയിട്ടുണ്ട്.
റോഡ് പ്രധാനം
തൃത്താലയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ 16.35 കോടി രൂപയുടെ പ്രവൃത്തികൾക്ക് തുക അനുവദിച്ചു. റോഡുകളുടെ പുനർ നിർമ്മാണത്തിനും നവീകരണത്തിനുമാണ് ഇത്തവണ പ്രധാനമായും തുക മാറ്റിവച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി തകർന്നു കിടക്കുന്ന തൃത്താലയിലെ റോഡുകൾ ആധുനികമായി നവീകരിക്കുക എന്നതിനാണ് മുൻഗണന കൊടുത്തിരിക്കുന്നത്.
ഒപ്പം സുസ്ഥിര തൃത്താലയുടെ ലക്ഷ്യങ്ങളിൽ ഒന്നായ ജലസംരക്ഷണത്തിന് ഇത്തവണ പരുതൂർ പഞ്ചായത്തിലെ കൊടിക്കുന്ന് ക്ഷേത്രക്കുളത്തിന് 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. തുക അനുവദിച്ച മറ്റു പദ്ധതികൾ : ആനക്കര എൻജിനീയർ റോഡ് -5 കോടി, പടിഞ്ഞറങ്ങാടി -പറക്കുളം റോഡ് -3.50 കോടി, കറുകപുത്തൂർ -ഇട്ടോണം റോഡ്- 3.10 കോടി, വാവനൂർ -ചാത്തന്നൂർ സ്കൂൾ റോഡ് -2 കോടി, ആലൂർ പട്ടിത്തറ റോഡ് -1.50 കോടി, കൊടിക്കുന്ന് ക്ഷേത്രക്കുളം നവീകരണം 75 ലക്ഷം, പടിഞ്ഞറങ്ങാടി സെന്ററിൽ ടേക്ക് എ ബ്രേക്ക് -50 ലക്ഷം. 10 റോഡുകൾ, മണ്ഡലത്തിലെ പ്രധാന ജംക്ഷനുകളുടെ നവീകരണം, കുളങ്ങളുടെ നവീകരണം, സർക്കാർ സ്കൂളുകളിലെ കളിക്കളങ്ങളുടെ നവീകരണം എന്നിവ കൂടി ബജറ്റിൽ ടോക്കൺ ആയി പരാമർശിച്ചിട്ടുണ്ട്.