മാവേലി സ്റ്റോറുകൾ കാലി; റാക്കുകളിൽ സാധനങ്ങളുടെ പേര് എഴുതിയ ബോർഡുകൾ മാത്രം
Mail This Article
പാലക്കാട് ∙ സപ്ലൈകോ സബ്സിഡി ഇനങ്ങൾ വാങ്ങാനാണെങ്കിൽ ജില്ലയിലെ മാവേലി സ്റ്റോറുകളിൽ പോകേണ്ട. സബ്സിഡി ഇനങ്ങളെല്ലാം തീർന്നതോടെ മാവേലി സ്റ്റോറുകൾ കാലിയായി. മൂന്നു മാസമായി സബ്സിഡി ഇനത്തിൽ നൽകുന്ന 13 സാധനങ്ങളും ഒരുമിച്ച് സ്റ്റോറുകളിൽ എത്തിയിട്ടില്ലെന്നാണ് ഷോപ്പ് മാനേജർമാർ പറയുന്നത്. കഴിഞ്ഞ മാസം വരെ ചെറുപയർ, മല്ലി എന്നിവ ഉണ്ടായിരുന്നു.
നിലവിൽ മാവേലി സ്റ്റോറുകളിൽ എത്തിയാൽ സബ്സിഡി റാക്കുകളിൽ സാധനങ്ങളുടെ പേര് എഴുതിയ ബോർഡുകൾ മാത്രം കാണാം. സാധനങ്ങൾ ഇല്ലാത്ത വിവരം അറിയാതെ എത്തുന്നവർ നിരാശരായാണ് മടങ്ങുന്നത്. പാലക്കാട്, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് തുടങ്ങിയ 4 ഡിപ്പോകളിലായി ജില്ലയിൽ 64 മാവേലി സ്റ്റോറുകളാണുള്ളത്. സപ്ലൈകോ വില കുറച്ചു നൽകുമ്പോൾ, സബ്സിഡി സർക്കാരാണു നൽകുന്നത്. എന്നാൽ ഈ തുക നൽകാത്തതാണ് പ്രതിസന്ധിക്കു കാരണം. കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിൽപനശാലകൾ പൂട്ടുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും തൊഴിലാളികളും.
സബ്സിഡി സാധനങ്ങൾ
∙ചെറുപയർ
∙ഉഴുന്ന്
∙കടല
∙വെള്ളപ്പയർ
∙പരിപ്പ്
∙മുളക്
∙മല്ലി
∙പഞ്ചസാര
∙വെളിച്ചെണ്ണ
∙ജയ അരി
∙മട്ട അരി
∙പച്ചരി
∙കുറുവ അരി