നോട്ടിനു പകരം കടലാസ് നൽകി ലോട്ടറി വാങ്ങാൻ ശ്രമം; കാഴ്ചപരിമിതനോടു ക്രൂരത
Mail This Article
കോങ്ങാട് ∙ കാഴ്ചപരിമിതനായ ലോട്ടറി വിൽപനക്കാരൻ മുണ്ടൂർ കീഴ്പാടം രാധാകൃഷ്ണനിൽ നിന്നു (57) ലോട്ടറി വാങ്ങി പണം നൽകാതെ കബളിപ്പിക്കാൻ ശ്രമം. ഇതു നാലാം തവണയാണു പരിമിതി ചൂഷണം ചെയ്ത് ഇദ്ദേഹത്തെ കബളിപ്പിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് മുണ്ടൂർ 9–ാം മൈലിനു സമീപമാണു സംഭവം. കോങ്ങാട് ഭാഗത്തേക്കു ലോട്ടറി വിൽപന നടത്താനായി നടന്നു വരികയായിരുന്നു. ഇതിനിടെ ബൈക്കിൽ വന്ന ആൾ 10 ലോട്ടറി ആവശ്യപ്പെട്ടു. 400 രൂപയാണു വില. എന്നാൽ, പണം എന്ന വ്യാജേന നൽകിയത് പഴയ കടലാസ് ആണെന്നു മനസ്സിലാക്കിയ രാധാകൃഷ്ണൻ ഇതിനെതിരെ പ്രതികരിച്ചപ്പോൾ ഇരുവരും തമ്മിൽ മൽപിടിത്തമായി.
ഇതിനിടെ രാധാകൃഷ്ണൻ നിലവിളിച്ചെങ്കിലും ഉച്ചസമയമായതിനാൽ പ്രദേശം വിജനമായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട കാർ യാത്രക്കാരൻ ബൈക്ക് തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കടന്നുകളഞ്ഞു. പിന്നാലെ സമീപത്തെ യുവാക്കൾ ബൈക്കുമായി പിന്തുടർന്നു. പൂതനൂരിൽ നിന്നു പിടികൂടിയ ഇയാളെ പിന്നീടു കോങ്ങാട് പൊലീസിൽ ഏൽപിച്ചു. സാധാരണ രാവിലെ ഏഴിനു മുണ്ടൂരിൽ നിന്നു കോങ്ങാട് വരെ നടന്നാണ് രാധാകൃഷ്ണൻ ലോട്ടറി വിൽക്കാറ്. ഇന്നലെ പതിവുപോലെ കോങ്ങാട് വന്നെങ്കിലും മുണ്ടൂർ പഞ്ചായത്ത് ഓഫിസിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നതിനാൽ നേരത്തെ മടങ്ങി.
ലോട്ടറി ബാക്കി ഉള്ളതിനാൽ വിൽപനയ്ക്കായി വീണ്ടും കോങ്ങാടേക്കു വരുമ്പോഴാണു സംഭവം. മുൻപും രാധാകൃഷ്ണന്റെ പക്കൽ നിന്നു ലോട്ടറി തട്ടിയെടുത്തിട്ടുണ്ട്. പണത്തിനു പകരം പഴയ ലോട്ടറി നൽകിയായിരുന്നു കബളിപ്പിക്കൽ. 2004-ൽ ലോട്ടറി ക്കച്ചവടം തുടങ്ങിയതാണ് രാധാകൃഷ്ണൻ. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് കോങ്ങാട് പൊലീസ് പറഞ്ഞു. അതിക്രമത്തിൽ മാതൃകാപരമായ നടപടി വേണമെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് വി.എൻ.ചന്ദ്രമോഹനൻ ആവശ്യപ്പെട്ടു.