ADVERTISEMENT

മണ്ണാർക്കാട്∙ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിലെ തിരുവിഴാംകുന്ന് ലൈവ്സ്റ്റോക് റിസർച് സ്റ്റേഷൻ വളപ്പിൽനിന്ന് വൻ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടു ജീവനക്കാരെ യൂണിവേഴ്സിറ്റി അധികൃതർ സസ്പെൻഡ് ചെയ്തു. മുറിച്ചു കടത്തിയ മരങ്ങൾ പാലക്കാഴിയിൽ നിന്ന് കണ്ടെത്തി പൊലീസ് പിടിച്ചെടുത്തു. ഫാം സൂപ്പർവൈസർ മുഹമ്മദാലി പരുത്തിയിൽ, ജീവനക്കാരൻ റിയാസ് മോൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇരുവരും സിപിഐ അനുകൂല സംഘടനയിൽപ്പെട്ടവരാണ്. 

റിസർച് സ്റ്റേഷൻ വളപ്പിലെ വന പ്രകൃതമായ സി ബ്ലോക്കിലെ വീണു കിടക്കുന്നതും ഉണങ്ങിയതും അപകട ഭീഷണിയുള്ളതുമായ മരങ്ങൾ 3,02,700 രൂപയ്ക്ക് ലേലം ചെയ്തിരുന്നു. ഈ മരങ്ങൾ മുറിക്കുന്ന കൂട്ടത്തിൽ വൻ വിലയുള്ള11 വൻ മരങ്ങളും മുറിച്ചു കടത്തിയെന്ന പ്രഫസറുടെ പരാതിയിലാണ് കേസ് എടുത്തത്. മരുത്, ആഞ്ഞിലി, വെന്തേക്ക്, പാല, താനി തുടങ്ങിയ മരങ്ങളാണ് മുറിച്ചു കടത്തിയത്. ലേലത്തിൽ പെടാത്ത മരങ്ങൾ മുറിച്ചതായി ജീവനക്കാരൻ പറ‍ഞ്ഞ പരാതി അന്വേഷിച്ചപ്പോഴാണ് പതിനൊന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തിയത്. 

 മരം ലേലത്തിനെടുത്ത അലനല്ലൂർ ചോലപറമ്പിൽ സജിത്ത് മോൻ, സഹായികളായ ലുക്മാൻ, ഹുസൈൻ എന്നിവർക്ക് എതിരെ മണ്ണാർക്കാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഡിസംബർ 31നും ഫെബ്രുവരി നാലിനും ഇടയ്ക്കാണ് മരം മുറിച്ചു കടത്തിയിട്ടുള്ളത്. ഫാമിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയതെന്ന് കരുതുന്ന മരങ്ങൾ പാലാക്കാഴിയിൽ ഉണ്ടെന്ന് അറിഞ്ഞ് ഫാം അധികൃതരും പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി തൊണ്ടി പിടിച്ചെടുത്തു.

സ്ഥാപന മേധാവിയുടെ ഇടപെടലാണ് അനധികൃത മരം മുറിക്കെതിരെ നടപടി സ്വീകരിക്കാനും തൊണ്ടി കണ്ടെത്താനും സഹായകമായത്. അനധികൃത മരം മുറിക്കെതിരെ നിലപാടെടുത്ത സ്ഥാപന മേധാവിക്കെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പ് ഉയരുന്നത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com