നാട്ടുകാർ അഭിനയിക്കുന്ന നാടകം ഇന്ന് അരങ്ങിലേക്ക്
Mail This Article
ശ്രീകൃഷ്ണപുരം∙ കുറ്റാനശ്ശേരി കിളികുർശ്ശി ദുർഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്രം ഭാരവാഹികളും പ്രദേശവാസികളും അഭിനയിക്കുന്ന നാടകം ഇന്ന് അരങ്ങിലെത്തും. പുലിയൂർ രവീന്ദ്രൻ രചിച്ച സമാസം നാടകമാണ് അരങ്ങിലെത്തുന്നത്. നാട്ടുകാരനും നാടക പ്രവർത്തകനുമായ വി.രാമകൃഷ്ണനാണ് സംവിധാനം. ബാബു സുമംഗലി, ടി.പി.ശങ്കരനാരായണൻ, പി.ജി.മനു, രാമദാസ് കുറുവട്ടൂർ, സുന്ദരൻ പ്ലാച്ചിക്കാട്ടിൽ, ഭാര്യ സവിതാ സുന്ദരൻ, സുശീൽ ചന്ദ്രൻ, ശ്രീജാമോൾ രമേഷ്, മകൾ പ്രാർത്ഥന കൃഷ്ണ, കെ.ആർ.രശ്വത് എന്നിവരാണ് അഭിനയിക്കുന്നത്. ഒന്നര മാസത്തെ റിഹേഴ്സലിനു ശേഷമാണ് നാടകം അരങ്ങിലെത്തുന്നത്.
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും നാട്ടിലെ കലാകാരൻമാർ അഭിനയിക്കുന്ന നാടകം അരങ്ങിലെത്താറുണ്ട്. പ്രഫഷനൽ നാടക സമിതികളോട് സമാനമായി പശ്ചാത്തല സംഗീതവുമായാണ് നാടകം അവതരിപ്പിക്കുക.
ഉത്സവം ഇന്നു സമാപിക്കും
കിളികുർശി ദുർഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 8ന് കുന്നത്ര കടവിൽ ആറാട് നടക്കും. ആറാട്ടിനു ശേഷം കലാകേന്ദ്രം അനൂപിന്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് തിരിച്ചെഴുന്നള്ളത്ത്. തുടർന്ന് കൊടിയിറക്കം, പ്രസാദ ഊട്ട്, ഉച്ചയ്ക്ക് ശേഷം 3നു സർവൈശ്വര്യ പൂജ,രാത്രി 7ന് നാടകം എന്നിവയുണ്ടാകും.