ചിനക്കത്തൂർ പൂരം: ഡ‍്രോൺ ക്യാമറ നിരീക്ഷണം ഇന്നു മുതൽ
Mail This Article
ഒറ്റപ്പാലം∙ ചിനക്കത്തൂർ പൂരത്തിനു പൊലീസിന്റെ വിപുലമായ ക്രമീകരണം. പൂരപ്പറമ്പിലും പരിസരത്തുമായി കെട്ടിടങ്ങൾക്കു മുകളിൽ വാച്ച് ടവർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളാണു പൊലീസ് ഒരുക്കിയിട്ടുള്ളത്. കാവിലും പരിസരങ്ങളിലും ഡ‍്രോൺ ക്യാമറ നിരീക്ഷണം ഇന്നു തുടങ്ങും. നാൽപതോളം നിരീക്ഷണ ക്യാമറകളും സജ്ജമാണ്. ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലും പൂരപ്പറമ്പിലെ ഔട്ട്പോസ്റ്റിലും ലഭിക്കും.
പൊതുജനങ്ങൾക്കു പൂരം ആസ്വദിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്താനുമാണു ക്രമീകരണമെന്നു പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ മേൽനോട്ടത്തിൽ അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കു നിയോഗിക്കും. പൂരപ്പറമ്പിൽ ഇന്നലെ തുടങ്ങിയ പൊലീസ് ഔട്ട് പോസ്റ്റ് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസൻ, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദ്, ഗ്രേഡ് എസ്ഐ കെ.ജയകുമാർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ടി.മണികണ്ഠൻ എന്നിവരും പൂരക്കമ്മിറ്റി ഭാരവാഹികളും പ്രസംഗിച്ചു.