കഥകളി ആചാര്യൻ വാഴേങ്കട വിജയൻ അന്തരിച്ചു
Mail This Article
ചെർപ്പുളശ്ശേരി ∙ അരങ്ങിലും കളരിയിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച കഥകളി ആചാര്യൻ വാഴേങ്കട വിജയൻ (83) അന്തരിച്ചു.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം. വെള്ളിനേഴി ഞാളാകുർശി ‘ശ്രീദർശൻ’ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ സംസ്കരിക്കും. കലാമണ്ഡലം മുൻ പ്രിൻസിപ്പലും ദീർഘകാലം കലാമണ്ഡലത്തിൽ വേഷവിഭാഗം മേധാവിയുമായിരുന്ന വാഴേങ്കട വിജയൻ പ്രശസ്ത കഥകളി ആചാര്യനും കലാമണ്ഡലം പ്രഥമ പ്രിൻസിപ്പലും പത്മശ്രീ ജേതാവുമായ വാഴേങ്കട കുഞ്ചുനായരുടെ മകനും ശിഷ്യരിൽ പ്രധാനിയുമാണ്.
പരേതയായ വാഴേങ്കട പടിഞ്ഞാറേ വെളിങ്ങോട്ട് നാണിക്കുട്ടി അമ്മയാണു മാതാവ്. കത്തി, വെള്ളത്താടി, കാട്ടാളൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയ ഇദ്ദേഹത്തിനു വിപുലമായ ശിഷ്യസമ്പത്തുണ്ട്. ചിട്ടപ്രധാനമായ കഥകൾ ചൊല്ലിയാടിക്കുന്നതിൽ കഴിവു തെളിയിച്ച ആശാനാണു വാഴേങ്കട വിജയൻ.ഭാര്യ: സി.രാജലക്ഷ്മി. മക്കൾ: ശൈലജ, ശ്രീകല, പ്രസീദ. മരുമക്കൾ: പി.എസ്.കൃഷ്ണകുമാർ (വിമുക്തഭടൻ), എം.സന്തോഷ്കുമാർ (ചളവറ പഞ്ചായത്ത് മുൻ അംഗം), ശിവൻ. സഹോദരങ്ങൾ: പി.വി.ശ്യാമളൻ, ശ്രീവത്സൻ, ചന്ദ്രിക, ശോഭന, ഗിരിജ, ഇന്ദിര, പരേതരായ ജനാർദനൻ നായർ, ശ്രീകാന്ത് നായർ.
ജീവിതത്തിൽ നാട്യങ്ങളില്ലാത്ത പച്ച മനുഷ്യൻ
ചെർപ്പുളശ്ശേരി ∙ വിനയം മുഖമുദ്രയായ ജീവിതത്തിൽ നാട്യങ്ങളില്ലാത്ത പച്ചയായ നാട്ടിൻപുറത്തുകാരനെയാണു വാഴേങ്കട വിജയൻ എന്ന കഥകളി ആചാര്യന്റെ വിയോഗത്തോടെ കലാലോകത്തിനു നഷ്ടമായത്. കളിയരങ്ങിലെ മികച്ച നടൻ. കളരി വിഷയങ്ങളെക്കുറിച്ചു പണ്ഡിതസമാനമായ അറിവുള്ള മികച്ച അധ്യാപകൻ. ആട്ടക്കഥകളിലെ രാജസപ്രധാനമായ കത്തിവേഷങ്ങളും സാത്വിക പ്രധാനമായ പച്ച വേഷങ്ങളും ഒരുപോലെ കയ്യടക്കത്തോടെ അവതരിപ്പിച്ച കലാകാരൻ. ദേഷ്യമില്ലാത്ത സ്വഭാവം. ഇതൊക്കെയായിരുന്നു വാഴേങ്കട വിജയൻ.കഥകളി സംബന്ധമായതും നാട്യശാസ്ത്ര സംബന്ധമായതുമായ എന്തു സംശയവും ദൂരീകരിച്ചു കൊടുക്കുവാൻ വിജയനുള്ള കഴിവു വിലമതിക്കാനാവാത്തതാണ്. അക്കാലത്തു കലാമണ്ഡലത്തിലെ പ്രധാന ആശാന്മാർ പോലും എന്തു സംശയം വന്നാലും ആശ്രയിച്ചിരുന്നതു വിജയനെയായിരുന്നു.കുട്ടികളെ മനസ്സിലാക്കി പഠിപ്പിക്കാനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. മൂന്നു തലമുറ ശിഷ്യന്മാരുള്ള മഹാനായ കഥകളി ആചാര്യനാണു വാഴേങ്കട വിജയൻ. പലപ്പോഴും ശിഷ്യന്മാരും കഥകളി തൽപരരായ വിദ്യാർഥികളും വെള്ളിനേഴിയിലെ വീട്ടിലെത്തി സംശയനിവാരണം വരുത്തിയിരുന്നു.
കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിൽ കഥകളി അഭ്യാസത്തോടൊപ്പം പുരാണസംബന്ധവും അഭിനയപരമായും മറ്റുമുള്ള സംസ്കൃത പഠനവും നടന്നിരുന്നു. ഇതിനായി നാട്യസംഘം കുട്ടികൾക്ക് അറിവു പകരാൻ പ്രസിദ്ധ സംസ്കൃത പണ്ഡിതനായിരുന്ന കടത്തനാട്ട് ശങ്കരവാരിയർ ഉണ്ടായിരുന്നു. കഥകളിക്കു വേണ്ടതു കൂടാതെ സ്വന്തം താൽപര്യ പ്രകാരം വിജയൻ അദ്ദേഹത്തിൽ നിന്നു സംസ്കൃതത്തിൽ കൂടുതൽ പാണ്ഡിത്യം നേടി. അഭിനയസങ്കേതത്തെക്കുറിച്ച് ആധികാരികമായ അറിവു നൽകുന്ന സംസ്കൃത ഗ്രന്ഥങ്ങളായ ഭരതമുനിയുടെ നാട്യശാസ്ത്രം മുതലായവ സ്വയം വായിച്ചു മനസ്സിലാക്കാനും അങ്ങനെ വിജയൻ പ്രാപ്തനായി.വാഴേങ്കട കുഞ്ചുനായരുടെ കൃത്യമായ ശിക്ഷണത്തിൽ അഭ്യാസം സിദ്ധിച്ച വിജയൻ ബാഹ്യവും ആന്തരികവുമായ സമസ്ത ചലനങ്ങളും ഇന്ദ്രിയ വ്യാപാരങ്ങളും ചേർന്നു ഭാവത്തെ പരിപുഷ്ടമാക്കുകയെന്ന കർമം നടനിൽ അടങ്ങിയിരിക്കണമെന്ന ബോധം അച്ഛനെപ്പോലെ തന്നെ കൃത്യമായി അവലംബിച്ചിരുന്നു. വേഷത്തികവിലും താളസ്ഥിതിയിലും നിഷ്ഠ പുലർത്തിയ കലാകാരനും സഹവേഷക്കാരോടു നീതി പുലർത്തിയിരുന്ന നടനുമായിരുന്നു വാഴേങ്കട വിജയൻ.
അന്തിമോപചാരം അർപ്പിച്ച് ഒട്ടേറെപ്പേർ
വെള്ളിനേഴി ∙ ഞാളാകുർശിയിലെ ശ്രീദർശൻ വീട്ടിൽ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ എംഎൽഎമാരായ പി.മമ്മിക്കുട്ടി, കെ.പ്രേംകുമാർ, കലാമണ്ഡലം വൈസ് ചാൻസലർ എം.കെ.രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, കേരള സംഗീത നാടക അക്കാദമി അംഗങ്ങളായ കലാമണ്ഡലം കെ.ജി.വാസുദേവൻ, അപ്പുക്കുട്ടൻ സ്വരലയം, കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ഭാരവാഹികളായ കെ.ബി.രാജ് ആനന്ദ്, എൻ.പീതാംബരൻ, സി.മോഹൻദാസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ.കെ.സെയ്തലവി, കഥകളി കലാകാരന്മാരായ ഡോ.സദനം ഹരികുമാർ.
കലാമണ്ഡലം സി.ഗോപാലകൃഷ്ണൻ, എഴീക്കോട് ഹരികുമാർ, കലാമണ്ഡലം ഹരിനാരായണൻ, കലാമണ്ഡലം സോമൻ, കലാമണ്ഡലം മുകുന്ദൻ, സദനം ഭാസി, കലാമണ്ഡലം സൂര്യനാരായണൻ, കലാമണ്ഡലം വെങ്കിട്ടരാമൻ, കലാമണ്ഡലത്തിലെ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരമർപ്പിച്ചു.വാഴേങ്കട വിജയന്റെ വേർപാടിൽ വെള്ളിനേഴി നാണുനായർ സ്മാരക കലാകേന്ദ്രം അനുശോചിച്ചു. കലാകേന്ദ്രത്തിന്റെ ഉപദേശക സമിതി അംഗമായിരുന്ന വാഴേങ്കട വിജയന്റെ വിയോഗം കലാകേന്ദ്രത്തിനു കനത്ത നഷ്ടമാണെന്നു പ്രസിഡന്റ് ഡോ.വെള്ളിനേഴി അച്യുതൻകുട്ടി പറഞ്ഞു. സെക്രട്ടറി സി.ഉണ്ണിക്കൃഷ്ണൻ, ഡോ.ഗോപാലകൃഷ്ണൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
പുരസ്കാരങ്ങൾ
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്കാരം, പട്ടിക്കാംതൊടി രാമുണ്ണിമേനോൻ പുരസ്കാരം, കേരള കലാമണ്ഡലം അവാർഡ്, കേരള കലാമണ്ഡലം ഫെലോഷിപ്, ഒളപ്പമണ്ണ മന ദേവീപ്രസാദം പുരസ്കാരം, പ്രഥമ വാഴേങ്കട നരസിംഹമൂർത്തി പുരസ്കാരം, വെള്ളിനേഴി പഞ്ചായത്ത് കഥകളി പുരസ്കാരം, വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങൾ നേടി.
വിദ്യാഭ്യാസം
മലപ്പുറം ജില്ലയിലെ വാഴേങ്കട നോർത്ത് യുപി സ്കൂളിൽ നിന്ന് 1953ൽ ഇഎസ്എൽസി ജയിച്ചു. തുടർന്ന് 1960 വരെ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിൽ പ്രധാന ആചാര്യനായിരുന്ന സ്വന്തം പിതാവിന്റെ കീഴിൽ കഥകളി അഭ്യസിച്ചു. 1960ൽ വാഴേങ്കട കുഞ്ചുനായരെ കലാമണ്ഡലത്തിന്റെ പ്രഥമ പ്രിൻസിപ്പൽ ആയി നിയമിച്ചപ്പോൾ പിഎസ്‌വി നാട്യസംഘം വിട്ട് വിജയൻ കലാമണ്ഡലത്തിൽ അച്ഛന്റെ കീഴിൽ 1963 വരെ കഥകളി അഭ്യാസം തുടർന്നു. ഇതിനിടെ വേഷങ്ങൾ കെട്ടി പരിചയിക്കാനും കഴിഞ്ഞു.
ആചാര്യപദവിയിൽ
പ്രിൻസിപ്പൽ ആയിരിക്കെ 1996 മാർച്ച് 31നു കലാമണ്ഡലത്തിൽ നിന്നു വിരമിച്ചു. അധികം താമസിയാതെ കലാമണ്ഡലം ഭരണസമിതി അംഗമായി തിരഞ്ഞെടുത്തു. കുറെക്കാലം ആ ചുമതല നിർവഹിച്ചു. കഥകളി പിഎച്ച്ഡി, പിജി തുടങ്ങിയ പരീക്ഷകൾക്കുള്ള യൂണിവേഴ്സിറ്റി ചോദ്യപ്പേപ്പർ തയാറാക്കുന്ന ചുമതലക്കാരനായും പരീക്ഷകനായും പല തവണ സേവനമനുഷ്ഠിച്ചു.കേരളത്തിലും കശ്മീർ ഉൾപ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും അമേരിക്ക, യൂറോപ്പ്, ഇന്തൊനീഷ്യ, സിംഗപ്പുർ എന്നീ വിദേശ രാജ്യങ്ങളിലും കഥകളി പര്യടനം നടത്തി.