ADVERTISEMENT

മണ്ണാർക്കാട് ∙ തട്ടകത്തെ ഉത്സവ ലഹരിയിലാഴ്ത്തി മണ്ണാർക്കാട് പൂരം വലിയാറാട്ട് ആഘോഷിച്ചു. പതിനായിരങ്ങളാണ് വലിയാറാട്ട് ആഘോഷത്തിനു ദേവിയുടെ തിരുസന്നിധിയിലെത്തിയത്. ഇന്നു നടക്കുന്ന ചെട്ടിവേലയോടെ മണ്ണാർക്കാട് പൂരത്തിന് സമാപനമാകും. ഇന്നലെ ഭഗവതി ആറാട്ടിനു പുറപ്പെടും മുൻപു ക്ഷേത്ര പരിസരവും കുന്തിപ്പുഴ ആറാട്ടു കടവും വിശ്വാസികളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു. എട്ടരയോടെ അ‍ഞ്ച് ഗജവീരന്മാരുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെ വിശ്വാസികൾക്കിടയിലൂടെ കോമരങ്ങൾ തീർത്ത വഴിയിലൂടെ ഭഗവതി ആറാട്ടിനെഴുന്നള്ളി. ആറാട്ടു കടവിൽ തെങ്ങോല കൊണ്ടു പ്രത്യേകം തയാറാക്കിയ കടവിലേക്ക് എഴുന്നള്ളിയ ഭഗവതിക്കൊപ്പം വിശ്വാസികളും ആറാട്ടു കടവിലേക്ക് ഒഴുകി.

ആറാട്ടു കഴിഞ്ഞ് തിരികെ ക്ഷേത്രഗോപുരത്തിനു മുന്നിലെത്തിയപ്പോഴേക്കു മേജർസെറ്റ് പഞ്ചവാദ്യം ഒരുങ്ങിയിരുന്നു. ഇതേസമയം ആറാട്ടുകടവിൽ കഞ്ഞി പാർച്ചയും നടന്നു. ഉച്ചയ്ക്കു ശേഷം ഓട്ടൻതുള്ളൽ, ഡബിൾ നാഗസ്വരം, ഡബിൾ തായമ്പ, 90 കലാകാരൻമാർ പങ്കെടുത്ത പഞ്ചാരി മേളം, കുടമാറ്റം എന്നിവ നടത്തി. ഇന്ന് സ്ഥാനീയ ചെട്ടിയാന്മാരെ ആനയിച്ചുള്ള ചെട്ടിവേലയും വിവിധ ദേശവേലകൾ ഒരുക്കുന്ന സാംസ്കാരിക ഘോഷയാത്രയും നടക്കും. ദീപാരാധനയ്ക്ക് ശേഷം ആറാട്ട്, 21 പ്രദക്ഷിണം എന്നിവയോടെ സമാപിക്കും.

ഇന്ന് ഗതാഗത നിയന്ത്രണം
മണ്ണാർക്കാട് ∙ചെട്ടിവേലയോടനുബന്ധിച്ച് ഇന്നു രണ്ടുമണി മുതൽ രാത്രി എട്ടു മണി വരെ മണ്ണാർക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് പെരിന്തൽമണ്ണ ഭാഗത്ത് നിന്നു മണ്ണാർക്കാട്–പാലക്കാട് ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ ആര്യമ്പാവിൽ നിന്നു തിരിഞ്ഞു ശ്രീകൃഷ്ണപുരം വഴി പാലക്കാട് ഭാഗത്തേക്കു പോകണം. അലനല്ലൂരിൽ നിന്നു വരുന്ന വാഹനങ്ങൾ കുമരംപുത്തൂർ ചുങ്കത്ത് ആളെ ഇറക്കി തിരിച്ചുപോകണം. പാലക്കാട് ഭാഗത്തു നിന്നു മണ്ണാർക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നു തിരിഞ്ഞ് കോങ്ങാട് കടമ്പഴിപ്പുറം വഴി ആര്യമ്പാവിലെത്തി തിരിഞ്ഞു പോകണം. അഗളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തെങ്കര ചെക്പോസ്റ്റിൽ ആളെ ഇറക്കി തിരിച്ചു പോകണം. ചുങ്കം ചങ്ങലീരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി തിരിച്ചു പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com