പാലക്കാട്, ആലത്തൂർ: തിരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങി എൽഡിഎഫ്
Mail This Article
പാലക്കാട് ∙ സിപിഎം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനം ഊർജിതമാക്കും. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പ്രഖ്യാപനവും താമസിയാതെ ഉണ്ടാകും. ധാരണയനുസരിച്ച് യുഡിഎഫിൽ ആലത്തൂർ, പാലക്കാട് ലോക്സഭാമണ്ഡലങ്ങളിൽ നിലവിലുള്ള എംപിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യാ ഹരിദാസ് എന്നിവർ തന്നെയാണു മത്സരിക്കുകയെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം വരണം.
ഇരുവരും മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കത്തിൽ സജീവമാണ്. സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുളള കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ നടപടി അന്തിമഘട്ടത്തിലാണ്. പാലക്കാട് മണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറായിരിക്കും മത്സരിക്കുകയെങ്കിലും പാർട്ടിയുടെ പ്രഖ്യാപനം ഒന്നിനുണ്ടായേക്കും. രണ്ടു ദിവസത്തിനുള്ളിൽ ആലത്തൂർ സ്ഥാനാർഥിയെക്കുറിച്ചു ധാരണയാകും.
ഇപ്പോഴത്തെ വിവരമനുസരിച്ച് ആലത്തൂർ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണൻ മാർച്ച് ആദ്യമേ മണ്ഡലത്തിൽ എത്തൂ. പാലക്കാട് എ.വിജയരാഘവൻ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാർട്ടി ജില്ലാകമ്മിറ്റി ഒാഫിസിൽ നേതൃയോഗത്തിൽ പങ്കെടുത്ത് പൊതുസ്ഥിതി വിലയിരുത്തും. എൽഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷനുകൾ ഈ ആഴ്ച ആരംഭിക്കാൻ നേരത്തേ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടതിനാൽ അതു മാറ്റി.
മാർച്ച് പത്തിനു ശേഷമാണു പാർട്ടി തിരഞ്ഞെടുപ്പു പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. മൂന്നു മുന്നണികളും പലയിടത്തും സ്ഥാനർഥികളുടെ പേരില്ലാതെ രണ്ടാഴ്ച മുൻപു തന്നെ ചുമരെഴുത്ത് ആരംഭിച്ചിരുന്നു. ഔദ്യോഗിക തീരുമാനം വന്നതോടെ ഇന്നലെ പാലക്കാട് വിജയരാഘവന്റെ പേരിൽ എഴുത്തു തുടങ്ങി.