ADVERTISEMENT

തിരുപ്പൂർ ∙  തമിഴ്നാടിന്റെ മനസ്സിൽ ബിജെപിക്കുള്ള സ്ഥാനം എന്നും വലുതാണെന്ന് എൻ മണ്ണ് എൻ മക്കൾ പദയാത്ര തെളിയിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പല്ലടം മാധപൂരിൽ ബിജെപി പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നടത്തിയ യാത്ര തമിഴ്നാടിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങളുടെ സ്പന്ദനം തൊട്ടറിഞ്ഞാണു തിരുപ്പൂരിൽ സമാപിച്ചതെന്നു മോദി പറഞ്ഞു. ഈ യാത്ര തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ നേട്ടങ്ങൾക്കു തുടക്കം കുറിക്കും.



തിരുപ്പൂർ പല്ലടത്ത് നടന്ന ‘എൻ മണ്ണ് എൻ നാട്’ പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ പദയാത്രയുടെ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റുമായ അണ്ണാമലൈയെ  അഭിനന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചിത്രം: മനോരമ
തിരുപ്പൂർ പല്ലടത്ത് നടന്ന ‘എൻ മണ്ണ് എൻ നാട്’ പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ പദയാത്രയുടെ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റുമായ അണ്ണാമലൈയെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: മനോരമ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതു സഖ്യം ഉണ്ടാക്കിയാലും മോദിയുടെ സഖ്യത്തെ തോൽപിക്കാൻ കഴിയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പറഞ്ഞു. ജനഹൃദയങ്ങളിലാണു മോദിയുടെ സ്ഥാനം. തമിഴ്നാട്ടിലെ യാത്രയിൽ ഉടനീളം ജനങ്ങൾ മോദിയെ എത്രത്തോളം ഹൃദയത്തിലേറ്റിയിട്ടുണ്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ, മുൻ കേന്ദ്രമന്ത്രിമാരായ പൊൻ രാധാകൃഷ്ണൻ, ജി.കെ. വാസൻ, മുൻ സംസ്ഥാന പ്രസിഡന്റ് എച്ച്.രാജ എന്നിവർ പ്രസംഗിച്ചു.

ഹെലികോപ്റ്റർ ആകാശത്ത് കണ്ടു തുടങ്ങിയപ്പോൾ മുതൽ ജയ് ശ്രീറാം വിളികളോടെയാണു ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മോദി ജയ് വിളികളും ഉയർന്നു. വേദിക്കു സമീപം ഇറങ്ങിയ പ്രധാനമന്ത്രി തുറന്ന ജീപ്പിലാണ് അണ്ണാമലൈയോടൊപ്പം പ്രവർത്തകർക്കിടയിലൂടെ വേദിയിലെത്തിയത്. പൂക്കൾ വിതറിയും വീണ്ടും മോദി എന്ന മുദ്രവാക്യത്തോടെയും തമിഴകം അദ്ദേഹത്തെ വരവേറ്റു. ജെല്ലിക്കെട്ടിന് അനുവാദം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി സൂചകമായി ജെല്ലിക്കെട്ട് കാളയുടെ മാതൃകയിലുള്ള വെങ്കല പ്രതിമ സമ്മാനിച്ചു. 65 കിലോ തൂക്കം വരുന്ന മഞ്ഞൾ കൊണ്ടുള്ള മാല അണിയിച്ചാണു വേദിയിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചത്. രാവിലെ 10 മണി മുതൽ ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചു സമ്മേളന നഗരിയിലേക്കു പ്രവർത്തകർ ഒഴുകി. ഇംഗ്ലിഷിൽ പ്രസംഗം ആരംഭിച്ച മോദി തുടർന്നു ഹിന്ദിയിലാണു പ്രസംഗിച്ചത്.

അണ്ണാ ഡിഎംകെയ്ക്ക് സ്വാഗതം, ഡിഎംകെയ്ക്കു കടന്നാക്രമണം
തിരുപ്പൂർ ∙ എൻഡിഎ സഖ്യത്തിലേക്ക് അണ്ണാഡിഎംകെയെ പരോക്ഷമായി ക്ഷണിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. അണ്ണാഡിഎംകെയുടെ പേരു പരാമർശിക്കാതെ, എന്നാൽ പാർട്ടിയുടെ രണ്ടു പരമോന്നത നേതാക്കളെയും പുകഴ്ത്തിയ മോദി സഖ്യത്തിനുള്ള സാധ്യതകൾ ഇനിയും അടഞ്ഞിട്ടില്ലെന്ന സൂചന നൽകി.

‘തമിഴ്നാട്ടിൽ വരുമ്പോഴെല്ലാം എംജിആറിനെ ഓർക്കാറുണ്ട്. ശ്രീലങ്കയിൽ പോയപ്പോൾ എംജിആർ ജനിച്ച സ്ഥലമായ കാൻഡി സന്ദർശിച്ചു. എംജിആർ കുടുംബരാഷ്ട്രീയത്തിലൂടെയല്ല അധികാരത്തിൽ വന്നത്. തമിഴ്നാട്ടിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി എംജിആറിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. അതുകൊണ്ടാണ് എംജിആർ ഇപ്പോഴും തമിഴ് മക്കളുടെ മനസ്സിൽ മായാതെ നിൽക്കുന്നത്. ജയലളിതയുമായി രാഷ്ട്രീയമായി ഇടപഴകാൻ അവസരം ലഭിച്ചിരുന്നു. എംജിആറിനു ശേഷം മികച്ച ഭരണമാണു ജയലളിതയും കാഴ്ചവച്ചത്. എന്നാൽ, എംജിആറിനെ അപമാനിക്കാനാണ് ഡിഎംകെ സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.

ഡിഎംകെ സഖ്യകക്ഷിയായിരുന്ന കാലത്ത് യുപിഎ സർക്കാർ നടത്തിയ അഴിമതികൾ വിവരിക്കേണ്ടതില്ലല്ലോ ? അന്ന് യുപിഎ സർക്കാർ നൽകിയ പദ്ധതികളെക്കാൾ മൂന്നു മടങ്ങു പദ്ധതികളാണ് തമിഴ്നാടിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടയിൽ നടപ്പാക്കിയത്.

ഡൽഹിയിലെ എയർകണ്ടീഷൻഡ് മുറികളിൽ ഇരുന്നു രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നവർ തമിഴ്‌നാട് ഇന്ത്യയുടെ ഭാവി തീരുമാനിക്കുമെന്നു കാണാതെ പോകരുത്. രാഷ്ട്രീയ സമവാക്യങ്ങൾ ഉണ്ടാക്കുന്നവർ തമിഴ്നാട്ടിലെ ബിജെപി മുന്നേറ്റം കാണണം’ – മോദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com