ADVERTISEMENT

മണ്ണാർക്കാട്∙ കെഎൽയുവിൽ (കേരള ലാൻഡ് യൂടിലൈസേഷൻ ഓർഡർ) കുരുങ്ങി കുമരംപുത്തൂർ അവണക്കുന്നിലെ പാത്തുമ്മയുടെ വീടെന്ന സ്വപ്നത്തിനു മങ്ങലേൽക്കുന്നു. പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയിൽ മൂന്നാമത്തെയാളാണു പാത്തുമ്മ. കൈവശമുള്ള 6.75 സെന്റിനു കെഎൽയു കിട്ടാത്തതാണു നിർമാണം പ്രതിസന്ധിയിലാക്കിയത്. ഏതു സമയവും ഇടിഞ്ഞു വീഴാറായ വീട്ടിലാണു പാത്തുമ്മയും രോഗിയായ മകളും അന്തിയുറങ്ങുന്നത്. ചെങ്കല്ല് അടുക്കിവച്ച ചുമരുകൾ പലയിടത്തും വിണ്ടു കീറിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും ചുമരുകളും മേൽക്കൂരയും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. 

6.75 സെന്റാണു പാത്തുമ്മയ്ക്കുള്ളത്. ചുറ്റുഭാഗവും വീടുകളാണ്. വീടിന്റെ താഴ്ഭാഗത്ത് റബർ തോട്ടവും. ഈ ആറ് സെന്റ് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും പാടമാണെന്നും കാണിച്ച് അധികൃതർ നൽകിയ രേഖയാണു പാത്തുമ്മയുടെ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തിയത്. വീടു വയ്ക്കാൻ കെഎൽയു അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു മാസമായി പാത്തുമ്മ വിവിധ ഓഫിസുകൾ കയറിയിറങ്ങുകയാണ്. വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവർ രേഖകൾ പരിശോധിച്ച് ഒറ്റപ്പാലം സബ് കലക്ടറുടെ ഓഫിസിലേക്ക് അയച്ചിട്ടുണ്ടെന്നാണു പാത്തുമ്മയോട് അധികൃതർ പറയുന്നത്. 

മഴക്കാലത്തിനു മുൻപെങ്കിലും രോഗിയായ മകളുമൊത്തു സുരക്ഷിത വീട്ടിൽ കഴിയണമെന്നാണ് അവരുടെ ആഗ്രഹം. 30 വർഷം മുൻപു ഭർത്താവ് മരിച്ചു. രോഗിയായ മകളാണു കൂടെയുള്ളത്. മകൾക്കു മാസം 2500 രൂപയുടെ മരുന്നു വേണം. അരി റേഷൻ കടയിൽ നിന്നു കിട്ടും. മറ്റു ചെലവുകൾക്കു തൊഴിലുറപ്പിൽ നിന്നു ലഭിക്കുന്ന വരുമാനമാണ് ആശ്രയം. വീടിന്റെ രേഖകൾക്കായി ഓഫിസുകൾ കയറിയിറങ്ങാൻ ബസ് കൂലി പോലും ആരെങ്കിലും നൽകിയിട്ടു വേണം. ഏക്കർ കണക്കിനു കൃഷിഭൂമി മണ്ണിട്ടു നികത്തുന്ന നാട്ടിലാണ് നിസ്സഹായയായ ഒരമ്മയെ നിയമത്തിന്റെ നൂലാമാലയിൽ കുരുക്കിയിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com