വീണ്ടും അധിക പാൽവില പ്രഖ്യാപിച്ച് മലബാർ മിൽമ
Mail This Article
പാലക്കാട് ∙ മലബാർ മിൽമ വീണ്ടും അധിക പാൽവില പ്രഖ്യാപിച്ചു. മാർച്ച് ഒന്നു മുതൽ 31 വരെ ആനന്ദ് മാതൃകാ സംഘങ്ങൾ വഴി നൽകുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലീറ്ററിന് 1.50 രൂപ അധിക വിലയായി ലഭിക്കും. മലബാർ മേഖലാ യൂണിയൻ ഭരണ സമിതിയാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. 3 കോടി രൂപ ഈയിനത്തിൽ കർഷകർക്കു ലഭിക്കും. ഇതോടെ അധിക പാൽ വിലയായി മാർച്ചിൽ മലബാറിലെ ക്ഷീര കർഷകർക്കു ലഭ്യമാകുന്നത് 17 കോടി രൂപയാണ്. ഇതുവഴി ഈസ്റ്റർ, ഈദുൽ ഫിത്ർ, വിഷു എന്നിവയെ വരവേൽക്കാൻ ക്ഷീര കർഷകർക്കു മിൽമ ലഭ്യമാക്കുന്നത് ബംപർ സഹായമാണ്.
മാർച്ച് മാസത്തിൽ അളക്കുന്ന പാലിന് 4 രൂപ, 1.50 രൂപ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി 5.50 രൂപ അധിക വിലയായി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.ഇതിനു പുറമേയാണ് ഇപ്പോൾ 1.50 രൂപ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മാർച്ചിൽ ഒരു ലീറ്റർ പാലിന് കർഷകർക്ക് അധിക വിലയായി 7 രൂപ ലഭിക്കും. ഇതു കൂടിയാകുമ്പോൾ ശരാശരി ഒരു ലീറ്റർ പാൽ വില 52 രൂപ 45 പൈസയായി മാറും. 2023-24 സാമ്പത്തിക വർഷം ഇതുവരെ 52 കോടിയോളം രൂപയാണ് അധിക പാൽവില, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തിൽ മലബാർ മിൽമ ക്ഷീര കർഷകർക്കു നൽകിയിട്ടുള്ളത്. ഇതു ക്ഷീരമേഖലയിലെ അത്യപൂർവ നേട്ടമാണെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിങ് ഡയറക്ടർ കെ.സി.ജയിംസ് എന്നിവർ പറഞ്ഞു.