‘കോൺഗ്രസ് മുക്ത ഭാരതം’ ആദ്യം ഉന്നയിച്ചത് ഇടതുപക്ഷം: അബ്ദുൽ വഹാബ് എംപി
Mail This Article
മണ്ണാർക്കാട് ∙ കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ആദ്യം ഉന്നയിച്ചതു സിപിഎമ്മാണെന്നും കോൺഗ്രസ് ഇല്ലാത്ത ഭാരതത്തിന്റെ പ്രയാസം ഇപ്പോഴാണ് അവർക്കു മനസ്സിലായതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.വി.അബ്ദുൽ വഹാബ് എംപി പറഞ്ഞു. യുഡിഎഫ് മണ്ണാർക്കാട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് വിരുദ്ധത മാത്രം പറഞ്ഞു കോൺഗ്രസിനെ ദുർബലമാക്കിയത് ഇടതുപക്ഷമാണ്. ഇവർ മുന്നോട്ടുവച്ച മുദ്രാവാക്യം ബിജെപി ഏറ്റെടുക്കുകയായിരുന്നു.
രാജ്യത്തു കോൺഗ്രസ് ഇല്ലാതായാലുള്ള ബുദ്ധിമുട്ട് ഇപ്പോഴാണ് ഇടതുപക്ഷം തിരിച്ചറിയുന്നത്. ഈ തിരഞ്ഞെടുപ്പു നിർണായകമാണെന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ തയാറാവണം. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചെയർമാൻ റഷീദ് ആലായൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എംഎൽഎ, കളത്തിൽ അബ്ദുല്ല, മരയ്ക്കാർ മാരായമംഗലം, പി.ബാലഗോപാൽ, വി.ഡി.ജോസഫ്, ടി.എ.സിദ്ദീഖ്, ടി.എ.സലാം, ജോഷി പള്ളിനീരാക്കൽ, എ.അയ്യപ്പൻ, എം.ഹംസ, പി.ആർ.സുരേഷ്, പി.അഹമ്മദ് അഷറഫ്, പി.വി.രാജേഷ്, സി.മുഹമ്മദ് ബഷീർ, അസീസ് ഭീമനാട്, അബൂബക്കർ കല്ലടി, അരുൺകുമാർ പാലക്കുർശ്ശി, എം.എസ്.അലവി, പി.റഫീഖ, വി.വി.ഷൗക്കത്തലി, ഗഫൂർ കോൽക്കളത്തിൽ, വി. പ്രീത, മനോജ്, ഹുസൈൻ കോളശ്ശേരി, യുഡിഎഫ് കൺവീനർ പി.സി.ബേബി തുടങ്ങിയവർ പ്രസംഗിച്ചു.