കൂനൂരിലെ കാട്ടുതീ അണയ്ക്കാനായില്ല
Mail This Article
ഊട്ടി / ഗൂഡല്ലൂർ ∙ കൂനൂരിനു സമീപം ഫോറസ്റ്റ് ഡേലിൽ ആറു ദിവസമായി പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീ അണയ്ക്കാൻ പറ്റാതായതോടെ വനംവകുപ്പ് വ്യോമസേനയുടെ സഹായം തേടി. സൂളൂരിലെ വ്യോമസേനാ താവളത്തിൽ നിന്നുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചു കൂനൂരിലെ റേലിയോ അണക്കെട്ടിൽ നിന്നു വെള്ളം എത്തിച്ചു തീയണയ്ക്കാൻ ശ്രമിക്കുകയാണിപ്പോൾ. ഇതിനു പുറമേ 150 വനംവകുപ്പ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ഉദ്യമത്തിൽ പങ്കാളികളാണ്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ എത്തിയിട്ടുണ്ട്.
തീ കൂടുതൽ വ്യാപിക്കുന്നതു തടയാനായി കാടിനു ചുറ്റും ഫയർലൈൻ നിർമിച്ചിട്ടുണ്ട്. കൂറ്റൻ പൈൻ മരങ്ങളിൽ പടർന്നുപിടിച്ച തീ കെടുത്തുന്നതു ശ്രമകരമായ ദൗത്യമാണ്. മരങ്ങളിലുള്ള പൈൻ എണ്ണയാണു തീ വ്യാപകമായി പടരാൻ കാരണമായത്. തീയണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. മേഖലയിലുണ്ടായിരുന്ന കാട്ടുമൃഗങ്ങൾ തീ കാരണം താഴ്‌വാരത്തിലെ വനങ്ങളിലേക്കു പോയതായി വനം വകുപ്പ് അറിയിച്ചു.