ADVERTISEMENT

മണ്ണാർക്കാട് ∙ എഐവൈഎഫ് ദേശീയ കൗൺസിൽ അംഗവും പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗവും മണ്ണാർക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്ന പാലോട് മണികണ്ഠനു വീണ്ടും സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണക്കത്ത്. ഒന്നര വർഷം മുൻപു പാർട്ടിയിൽ നിന്നു പുറത്താക്കിയ ആൾ നൽകിയ പരാതിയിലാണ് മണികണ്ഠനോടും പട്ടാമ്പിയിലെ മുതിർന്ന നേതാവ് കൊടിയിൽ രാമകൃഷ്ണനോടും വിശദീകരണം ചോദിച്ചു കത്തയച്ചത്.

മണ്ഡലം, ജില്ലാ സമ്മേളനങ്ങളിൽ വിഭാഗീയത ആരോപിച്ചു പാലോട് മണികണ്ഠനെതിരെയും ജില്ലയിലെ ഒരുപറ്റം നേതാക്കൾക്കെതിരെയും പാർട്ടി നേരത്തെ കത്ത് അയച്ചിരുന്നു. വിഭാഗീയ പ്രവർത്തനം നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിക്കുന്നതെന്ന് ആരോപിച്ച് മണികണ്ഠൻ ഉൾപ്പെടെയുള്ളവർ രാജിക്കത്ത് നൽകിയിരുന്നു. 

ജോലി വാഗ്ദാനം നൽകി ഒട്ടേറെപ്പേരിൽ നിന്നു ലക്ഷക്കണക്കിനു രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത ഷൊർണൂരിലെ പാർട്ടി നേതാവിനെ, ഒറ്റപ്പാലത്തെ മറ്റൊരു നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിക്കു പുറത്താക്കേണ്ടി വന്നു. ഈ തിരിമറിയിൽ പാർട്ടി ജില്ലാ നേതൃത്വത്തിലെ രണ്ട് ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്നാരോപിച്ച് ഒറ്റപ്പാലത്തെ നേതാവ് പൊലീസിൽ പരാതി നൽകുകയും വാർത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. പാർ‍ട്ടിക്കെതിരെ വാർത്താ സമ്മേളനം ന‍ടത്തിയതിന് അദ്ദേഹത്തെയും പുറത്താക്കി.

എന്നാൽ ജില്ലാ കമ്മിറ്റിയിലെ ഉന്നതരുടെ പേര്, മണികണ്ഠനും രാമകൃഷ്ണനും നിർബന്ധപൂർവം പറയിപ്പിക്കുകയായിരുന്നുവെന്നു പുറത്തായ ആൾ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കത്തയച്ചതെന്നാണു വിവരം. 

ഇതു നേതാക്കളെ കുടുക്കാൻ ഇയാളെക്കൊണ്ടു നിർബന്ധപൂർവം എഴുതി വാങ്ങിയ വിശദീകരണമാണെന്നു വിമത വിഭാഗം ആരോപിക്കുന്നു. ഇരുവർക്കും എമെതിരെയുള്ള പരാതി അന്വേഷിക്കാൻ കെ.ഷാജഹാൻ, പി.നൗഷാദ്, പി.കബീർ എന്നിവരടങ്ങുന്ന കമ്മിഷനെ  നിയോഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com