നാമനിർദേശ പത്രികാ സംഘർഷം; പ്രതിഷേധത്തിൽ കുരുങ്ങി ആംബുലൻസും
Mail This Article
ഊട്ടി ∙ ഊട്ടിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രികാ സമർപ്പണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ബിജെപിയും, പൊലീസ് നീതിപാലിക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎംകെ പ്രവർത്തകരും ഒരേ സമയം റോഡ് ഉപരോധം നടത്തിയതോടെ ഊട്ടി കലക്ടറേറ്റ് റോഡിൽ ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. സമീപമുള്ള മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസുകൾ വരെ പോകാൻ ഏറെ പാടുപെട്ടു.
പത്രികാ സമർപ്പണത്തോടനുബന്ധിച്ചു നടന്ന ജാഥയ്ക്കൊടുവിൽ ബിജെപിയുടെയും എഡിഎംകെയുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഇതു തടയാനാണ് ലാത്തിച്ചാർജ് നടത്തിയതെന്നും പൊലീസ് പറയുന്നത്. അതേസമയം നീലഗിരി ജില്ലാ പൊലീസ് സൂപ്രണ്ട് പി.സുന്ദരവടിവേലു നേരിട്ടെത്തി ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ആരോപിച്ചു.
എസ്പി നേരിട്ടെത്തി ചർച്ച നടത്തിയതോടെ ഇരു വിഭാഗവും ഉപരോധം അവസാനിപ്പിച്ചെങ്കിലും എസ്പി പി.സുന്ദരവടിവേലുവിനെതിരെ ചെന്നെയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകുമെന്ന് അണ്ണാമലൈ അറിയിച്ചു. പരുക്കേറ്റ ബിജെപി പ്രവർത്തകരും പൊലീസിൽ പരാതി നൽകും. പരുക്കേറ്റവരെ കെ.അണ്ണാമലൈയും എൽ.മുരുകനും ആശുപത്രിയിൽ സന്ദർശിച്ചു. പരുക്കേറ്റവരിൽ ഒരാൾ വനിതയാണ്.