ചൂടുപിടിച്ച് പ്രചാരണം മുന്നോട്ട്; ആവേശക്കാറ്റായി നേതാക്കളെത്തും
Mail This Article
പാലക്കാട് ∙ ജില്ലയിൽ ചൂട് ഉച്ചസ്ഥായിയിലാണ്. അതിനെക്കാൾ മുകളിലാണു തിരഞ്ഞെടുപ്പു ചൂട്. പ്രചാരണം കൊട്ടിക്കയറിത്തുടങ്ങി. എല്ലായിടത്തും സ്ഥാനാർഥികളും പ്രവർത്തകരും ഓടിയെത്തുന്നുണ്ട്. നാട്ടുകാരെ കണ്ട്, നാലു വർത്തമാനം പറഞ്ഞ്, വിശേഷങ്ങൾ തിരക്കി വോട്ടഭ്യർഥിക്കുന്നു. പത്രിക സമർപ്പണം കൂടി കഴിയുന്നതോടെ പ്രചാരണം കൊടുമ്പിരിക്കൊള്ളും. ഒപ്പം ആവേശക്കാറ്റായി ദേശീയ, സംസ്ഥാന നേതാക്കളും ജില്ലയിലെത്തും. പാലക്കാട് കാത്തിരിക്കുകയാണ് നാട് ഇളക്കി മറിച്ചുള്ള ആ പ്രചാരണങ്ങളെ.
മുഖ്യമന്ത്രി 16, 17
മുഖ്യമന്ത്രി പിണറായി വിജയൻ 16, 17 തീയതികളിൽ ജില്ലയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും 16ന് ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ആലത്തൂർ, നെന്മാറ മണ്ഡലങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ 17നാണു പര്യടനം. രാവിലെ പട്ടാമ്പി, ഉച്ചയ്ക്കു ശേഷം മണ്ണാർക്കാട്, പാലക്കാട് എന്നിവിടങ്ങളിൽ നടക്കുന്ന ഇടതു മുന്നണി തിരഞ്ഞെടുപ്പു യോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഈ മാസം 5ന് വൈകിട്ട് 4നു കോങ്ങാടും തുടർന്നു ശ്രീകൃഷ്ണപുരത്തും നടക്കുന്ന പൊതു യോഗങ്ങളിൽ പങ്കെടുക്കും. 6ന് തരൂർ, ചിറ്റൂർ എന്നിവിടങ്ങളിലെ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.േബബി 19, 20 തീയതികളിൽ ജില്ലയിൽ പ്രചാരണത്തിനെത്തും. പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ പാലക്കാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എ.വിജയരാഘവന്റെയും കേന്ദ്രകമ്മിറ്റി അംഗമായ ആലത്തൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.രാധാകൃഷ്ണന്റെയും പ്രചാരണത്തിനായി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെ ഉന്നത നേതാക്കളും എത്തിയേക്കും. സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി എന്നിവരും ജില്ലയിൽ പ്രചാരണത്തിനെത്തും.
യുഡിഎഫ്
യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് നിയമസഭാ കക്ഷി ഉപനേതാവും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി, സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ എന്നിവർ ജില്ലയിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജില്ലയിലെത്തി പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. പത്രികാ സമർപ്പണം കഴിയുന്നതോടെ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ദേശീയ, സംസ്ഥാന നേതാക്കളടക്കം ജില്ലയിലെത്തും. ഒപ്പം ഇതര ഘടകകക്ഷി നേതാക്കളും എത്തും. വയനാട്ടിൽ സ്ഥാനാർഥികൂടിയായ രാഹുൽഗാന്ധിയും ജില്ലയിൽ പ്രചാരണത്തിന് എത്തിയേക്കും. അടുത്ത ആഴ്ചയോടെ നേതാക്കളുടെ പ്രചാരണ പരിപാടികൾക്ക് രൂപരേഖയാകും. പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാരായ വി.കെ.ശ്രീകണ്ഠനും, രമ്യ ഹരിദാസുമാണു യുഡിഎഫിനായി മത്സരിക്കുന്നത്.
എൻഡിഎ
പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടു നടത്തിയ റോഡ് ഷോയോടെ എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണം ഊർജിതമാണ്. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ആലത്തൂരിൽ ഗവ.വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ടി.എൻ.സരസുവുമാണ് എൻഡിഎ സ്ഥാനാർഥികൾ. പത്രികാ സമർപ്പണം കഴിയുന്നതോടെ ബിജെപി ദേശീയ, സംസ്ഥാന നേതാക്കൾ ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള ദേശീയ നേതാക്കളെ ജില്ലയിൽ പ്രചാരണത്തിനെത്തിക്കാനുള്ള ശ്രമത്തിലാണു നേതൃത്വം.