ADVERTISEMENT

ഒറ്റപ്പാലം ∙ നഗരസഭാ ബസ് സ്റ്റാൻഡിൽ അപകടങ്ങൾ ഒഴിവാക്കാൻ നാറ്റ്പാക് (നാഷനൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) മുന്നോട്ടുവച്ച നിർദേശങ്ങൾ നടപ്പായില്ല. അപകടങ്ങൾ വർധിച്ചതിനു പിന്നാലെ 2019ൽ നാറ്റ്പാക് സംഘം സ്റ്റാൻഡ് സന്ദർശിച്ചു നഗരസഭയ്ക്കു സമർപ്പിച്ച റിപ്പോർട്ടാണ് അവഗണിക്കപ്പെട്ടത്. അപകടസാധ്യത പതിയിരിക്കുന്ന സ്റ്റാൻഡിനുള്ളിൽ കഴിഞ്ഞ ദിവസം എതിർദിശയിൽ മത്സരിച്ചോടിയ സ്വകാര്യ ബസ് ഇടിച്ച് അതിഥിത്തൊഴിലാളി മരിച്ചിരുന്നു. 

സ്റ്റാൻഡിനുള്ളിൽ യാത്രക്കാർക്കു സുരക്ഷിതമായി സഞ്ചരിക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെട്ട റിപ്പോർട്ടാണു നാറ്റ്പാക് സമർപ്പിച്ചിരുന്നത്. ബസുകൾ അകത്തേക്കു പ്രവേശിക്കുകയും പുറത്തു കടക്കുകയും ചെയ്യുന്ന വഴികൾ പുനഃക്രമീകരിക്കണമെന്നായിരുന്നു പ്രധാന നിർദേശം. 

നിലവിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗം പുറത്തേക്കു പോകാനും പുറത്തേക്കിറങ്ങുന്ന വഴി അകത്തു പ്രവേശിക്കാനുമാക്കി മാറ്റണമെന്ന നിർദേശമാണു സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭയും ഗതാഗതക്രമീകരണ സമിതിയും തള്ളിയത്. സ്റ്റാൻഡിൽ ട്രാഫിക് ഐലന്റ് നിർമിക്കണമെന്നും ഇതു ചുറ്റി ബസുകൾ  ട്രാക്കിലേക്കു പോകണമെന്നുമായിരുന്നു മറ്റൊരു നിർദേശം. ഇതും തള്ളി.   

പ്രവേശന കവാടത്തിനു മുന്നിലും മറ്റു ചിലയിടങ്ങളിലും ഹംപുകൾ ഒരുക്കുക, ബസ് ബേകളിൽ, ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടുക ഉൾപ്പെടെ നഗരസഭയും ഗതാഗതക്രമീകരണ സമിതിയും  നടപ്പാക്കാൻ തീരുമാനിച്ച നിർദേശങ്ങളും എങ്ങുമെത്തിയില്ല. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു അതിഥിത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ബസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു പൊലീസ് കേസെടുത്തിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com