ജലവിതരണം രാത്രിയിൽ മാത്രം; വാവുള്ള്യാപുരം കമ്മാന്തറയിൽ ജലക്ഷാമം രൂക്ഷം
Mail This Article
ആലത്തൂർ∙ രാത്രിയിൽ മാത്രമായി ജലവിതരണം പരിമിതപ്പെടുത്തിയതോടെ തരൂർ പഞ്ചായത്ത് പത്താം വാർഡ് വാവുള്ള്യാപുരം കമ്മാന്തറയിൽ ജലക്ഷാമം രൂക്ഷമായി. തരൂർ രണ്ടാം വില്ലേജിൽ ജലവിതരണം നടത്തുന്ന ഗായത്രിപ്പുഴ കാരമല പദ്ധതിയെ ആശ്രയിക്കുന്ന അറുപതോളം കുടുംബങ്ങളാണ് നിലവിൽ ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. വേനൽ രൂക്ഷമാകുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വർഷങ്ങളായി ഈ മേഖലയിൽ ശുദ്ധജലം എത്താറില്ല. ഒട്ടേറെ തവണ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ല.
ഗായത്രിപ്പുഴയിലെ കരിങ്കുളങ്ങര തടയണയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കാരമല സംഭരണിയിൽ എത്തിച്ചാണ് തരൂർ രണ്ടാം വില്ലേജിൽ ജലവിതരണം നടത്തുന്നത്. ഈ മേഖലയിൽ കുഴൽക്കിണർ പദ്ധതികളും ഇല്ല. തടയണയിൽ ആവശ്യത്തിന് വെള്ളം ഉണ്ടെങ്കിലും കൃഷിയിടങ്ങൾ നനയ്ക്കുന്നതിന് വെള്ളം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് രാത്രി മാത്രമായി പമ്പിങ് ചുരുക്കിയതെന്ന് അധികൃതർ പറയുന്നു.
എന്നാൽ ഇപ്പോൾ രാത്രി 8 മുതൽ പുലർച്ചെ 6 വരെ ജലവിതരണം നടത്തുന്നുണ്ടെന്നും പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി 10ന് ശേഷമാണ് ജലവിതരണം എന്നും ചെറിയ തോതിൽ മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂവെന്നും ഉപഭോക്താക്കൾ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ പരാതിയിൽ പറയുന്നു. രാത്രി ഉറക്കം കളഞ്ഞാണ് വെള്ളം എടുക്കുന്നത്, അത് തികയാറുമില്ല.
കാരമല പദ്ധതിയുടെ പൈപ്പ് ലൈൻ അവസാനിക്കുന്ന മേഖലയിൽ ഒരിഞ്ചുള്ള പൈപ്പാണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടാണ് വാലറ്റ പ്രദേശത്ത് ശക്തി കുറയുന്നതെന്ന് അധികൃതർ അറിയിച്ചു. പൈപ്പ് ലൈൻ മാറ്റുന്നതിനു വേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ലൈനിൽ ചളി അടഞ്ഞിട്ടുണ്ടെങ്കിൽ അതു നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. പഞ്ചായത്തംഗം വി.പ്രകാശന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.