ഊട്ടി ശുദ്ധജല ക്ഷാമത്തിലേക്ക്; ശുദ്ധജലവിതരണം മുടങ്ങിയതോടെ കുടങ്ങളുമായി ജനം തെരുവിൽ
Mail This Article
ഊട്ടി ∙ വേനലവധി സീസൺ അടുത്തുനിൽക്കേ, ഊട്ടിയിൽ പല ഭാഗങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായിത്തുടങ്ങി. ഒരാഴ്ചയായി വെള്ളം ലഭിക്കാതായതോടെ ഊട്ടി ഗ്രീൻഫീൽഡിൽ ജനം കുടങ്ങളുമായി റോഡ് ഉപരോധിച്ചു. അടുത്തയാഴ്ച മുതൽ വിനോദസഞ്ചാരികളുടെ തിരക്കു പ്രതീക്ഷിച്ചിരിക്കുമ്പോഴാണു നഗരത്തിലേക്കുള്ള ശുദ്ധജല വിതരണത്തിന്റെ 80% നിർവഹിക്കുന്ന പാർസൻസ് വാലി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നത്. സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് അണക്കെട്ടിൽ ശേഷിക്കുന്നത്. ഇതോടെ ഊട്ടി നഗരസഭയിലെ 36 വാർഡുകളിൽ ശുദ്ധജലവിതരണം മുടങ്ങുന്ന അവസ്ഥയാണ്.
നഗരത്തിലേക്കു ശുദ്ധജലവിതരണത്തിന് ആശ്രയിക്കുന്ന മറ്റു റിസർവോയറുകളായ മാർലിമന്ത്, ടൈഗർഹിൽ, ഗോറിശോല, ദൊഡ്ഡബെട്ട അപ്പർ, ലോവർ, കോടപ്പമന്ത് അപ്പർ, ലോവർ, ഓൾഡ് ഊട്ടി, ഗ്ലെൻറോക്ക് തുടങ്ങിയവയും വറ്റിക്കൊണ്ടിരിക്കുകയാണ്. മുൻവർഷത്തെ അപേക്ഷിച്ചു മഴ തീരെക്കുറഞ്ഞതോടെ മേഖല കൊടുംചൂടിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
മസിനഗുഡിക്കു സമീപം മുളങ്കാടുകൾക്ക് തീപിടിച്ചു
ഊട്ടി ∙ മുതുമല കടുവ സങ്കേതത്തിലെ വനങ്ങൾ കൊടും വരൾച്ചയിലമർന്നിരിക്കെ, മസിനഗുഡിക്കു സമീപം ആച്ചക്കരയിലെ മുളങ്കാടുകൾക്കു തീപിടിച്ചു. വീശിയടിച്ച കാറ്റിൽ പെട്ടെന്നു തീ പടർന്നതോടെ വനംവകുപ്പ് ജീവനക്കാർക്ക് അണയ്ക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേന എത്തുന്നതിനു മുൻപ്, പ്രദേശത്തെ റിസോർട്ടിനോടനുബന്ധിച്ചു നിർമിച്ചിരുന്ന ട്രീ ഹൗസുകൾ കത്തിയമർന്നു. ഇവിടെ ആളുകളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.