ADVERTISEMENT

ഒറ്റപ്പാലം∙ കുത്തനെ ഉയർന്ന വേനൽച്ചൂടിൽ വെന്തുരുകി മത്തൻകൃഷി. വിഷു വിപണി ലക്ഷ്യമിട്ടു പനമണ്ണ പള്ളത്ത്പടി പച്ചക്കറി ഉൽപാദക സംഘത്തിലെ കർഷകർ ഇറക്കിയ വിളവാണു ചൂടേറ്റു വ്യാപകമായി നശിച്ചത്. പ്രദേശത്തെ ഒരേക്കറിലാണു മത്തൻ കൃഷി. വേനൽച്ചൂടിന്റെ കാഠിന്യത്തിൽ മൂപ്പാകും മുൻപു വ്യാപകമായി അളിഞ്ഞു നശിക്കുകയായിരുന്നു. ഏകദേശം 3500 മുതൽ 5500 കിലോ വരെ മത്തൻ വിപണിയിലെത്തിക്കാമെന്നായിരുന്നു ഇത്തവണ കർഷകരുടെ പ്രതീക്ഷ. 

കഴിഞ്ഞ വർഷം ഏകദേശം 3000 കിലോ മത്തൻ വിളവെടുത്തിരുന്നു. ചൂട് ഇത്തവണ 40 ഡിഗ്രിയും പിന്നിട്ടു മുകളിലേക്കുയർന്നതാണു വൻ  വിളനാശത്തിലേക്കു നയിച്ചത്. വേനൽമഴ ലഭിക്കാതിരുന്നതും കാഞ്ഞിരപ്പുഴ കനാൽ വഴി സമയബന്ധിതമായി വെള്ളമെത്താതിരുന്നതും കൃഷിയെ പ്രതികൂലമായി ബാധിച്ചു.  

കഴിഞ്ഞ ജനുവരി അവസാനം വിളവിറക്കിയ കൃഷിയാണിത്. ആലത്തൂർ വിഎഫ്പിസികെയിൽ നിന്ന് എത്തിച്ച വിത്ത് ഉപയോഗിച്ചിറക്കിയ കൃഷി തുടക്കത്തിൽ പടർന്നു പന്തലിച്ചു പൂവിട്ടെങ്കിലും കായകളായി മാറിയതിനു പിന്നാലെയാണു ചൂട് കുത്തനെ ഉയർന്നതും വാടിനശിച്ചതും. 

റമസാൻ വിപണി ലക്ഷ്യമിട്ടിറക്കിയ തണ്ണിമത്തൻ കൃഷിയിലും ഇത്തവണ തിരിച്ചടി നേരിട്ടു. അര ഏക്കർ സ്ഥലത്തിറക്കിയ തണ്ണിമത്തൻ കൃഷിയാണു ചൂടേറ്റു നശിച്ചത്. ഡൽഹിയിൽ നിന്ന് എത്തിച്ച കിരൺ ഇനത്തിൽപെട്ട വിത്താണു വിളവിറക്കിയിരുന്നത്. കഴിഞ്ഞ വർഷം 2000 കിലോ തണ്ണിമത്തൻ പനമണ്ണയിലെ കർഷകർ വിപണിയിലെത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com