തണ്ണിമത്തൻ കൃഷിയിൽ മൂവർ സംഘത്തിന്റെ വിജയഗാഥ
Mail This Article
പെരുവെമ്പ് ∙ തണ്ണിശ്ശേരിയിലെ പാടത്തു യുവ കർഷകരായ മൂവർ സംഘം പരീക്ഷിച്ച തണ്ണിമത്തൻ കൃഷി വിജയമായി. തണ്ണിശ്ശേരി തോട്ടിങ്കൽ വീട്ടിൽ ടി.എസ്.നിഷാന്ത്, മണ്ണാർക്കാട് പള്ളിക്കുറുപ്പിൽ സി.ഉമ്മർ, കടമ്പഴിപ്പുഴത്തെ വെട്ടിക്കുഴിയിൽ ജെ.ജോൺസ് എന്നിവർ ചേർന്നാണു പെരുവെമ്പിലെ നിഷാന്തിന്റെ അരയേക്കർ സ്ഥലത്തു തണ്ണിമത്തൻ കൃഷി ചെയ്തത്. 50 സെന്റ് സ്ഥലത്തു നിന്നു 5 ടണ്ണോളം തണ്ണിമത്തൻ വിളവെടുപ്പിനു തയാറായിട്ടുണ്ട്. 5–10 കിലോഗ്രാം വരുന്നവയാണ് ഒരോന്നും. കിലോഗ്രാമിന് 20 രൂപയാണു വിപണി വില എന്നതിനാൽ ഒരു ലക്ഷത്തിലധികം രൂപയ്ക്കു തണ്ണിമത്തൻ വിളവെടുത്തു വിൽക്കാൻ കഴിയും.
35,000 രൂപയോളമാണ് ഇവർക്കു കൃഷി ചെയ്യുന്നതിനു ചെലവു വന്നിട്ടുള്ളത്. അതു കൊണ്ടു തന്നെ ഉപഭോക്താക്കൾക്ക് വേനലിൽ ഏറെ ആവശ്യമുള്ള തണ്ണിമത്തൻ എന്ന ഹ്രസ്വകാല വിളയിലെ പരീക്ഷണം വിജയമായെന്ന് ഇവർ പറയുന്നു. വിളവെടുപ്പിനു മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.എം.ഫെബിൻ ഇന്നു തുടക്കം കുറിക്കും.ജില്ലാ ഹോർടികൾച്ചർ മിഷൻ നടത്തിയ പഠനയാത്രയിലെ കണ്ടുമുട്ടലിനൊടുവിലാണു വിപണിയിൽ ഏറെ ആവശ്യമുള്ള ഹ്രസ്വകാല വിള എന്ന നിലയിൽ തണ്ണിമത്തൻ കൃഷിയിലേക്കു യുവകർഷകരായ മൂവർ സംഘം കൂട്ടായി ചുവടുവയ്ക്കുന്നത്.
ഇതിൽ ജോൺസ് എൻജിനീയറിങ് ബിരുദധാരിയും നിഷാന്ത് പ്രവാസിയുമായിരുന്നു. പാലക്കാട്–കൊടുവായൂർ റോഡരികിൽ നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കറിലെ തുറന്ന സ്ഥലത്തു കൃത്യതാ കൃഷി രീതിയാണു തണ്ണിമത്തനായി സ്വീകരിച്ചത്. കുമ്മായം ചേർത്തു മണ്ണിളക്കി തടം തീർത്തു. അടിവളമായി ചാണകപ്പൊടിയും എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും സ്യുഡോമോണസും നൽകി.
നനയ്ക്കാനും വളപ്രയോഗത്തിനുമായി ഡ്രിപ് ലൈനുകൾ സ്ഥാപിച്ച ശേഷം തടത്തിൽ പ്ലാസ്റ്റിക് പുതിയിടുകയും തുടർന്ന് അതിൽ ദ്വാരങ്ങളിട്ടു തണ്ണിമത്തൻ വിത്തുകൾ പാകി. അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വിത്തായ പക്കീസയാണു വിളവിറക്കിയത്. തൊണ്ടു കട്ടി കുറഞ്ഞതും എട്ടു മുതൽ 10 കിലോഗ്രാം വരെ തൂക്കം വരുന്നതുമാണു പക്കീസ. അരയേക്കറിൽ 1200ലേറെ വിത്താണു നട്ടത്. ഇതിൽ ആയിരത്തോളം എണ്ണം വളർന്നു കായ്ചിട്ടുണ്ടെന്നു കർഷകനായ നിഷാന്ത് മനോരമയോട് പറഞ്ഞു.