വായനയുടെ നന്മ പകർന്ന് അജേഷ് മാഷിന്റെ പുസ്തക വണ്ടി
Mail This Article
കോട്ടായി∙ വീടുകളിൽ പുസ്തകം എത്തിച്ചു വായനയുടെ നന്മ പടർത്തി അജേഷ് മാഷിന്റെ പുസ്തകവണ്ടി അഞ്ചാം വർഷത്തിലേക്കു പ്രവേശിക്കുന്നു. ജനങ്ങളെ വായനയുടെ മാധുര്യത്തിലേക്കു കൈപിടിച്ച് ഉയർത്തുകയാണു ലക്ഷ്യം. കോട്ടായി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനായ അജേഷ് തന്റെ അച്ഛന്റെ പേരിൽ തുടങ്ങിയ അപ്പുണ്ണി ഏട്ടൻ വായനശാല ഇന്നു ജില്ലയിൽ ഏതാണ്ടു മുഴുവൻ പ്രദേശത്തും വ്യാപിച്ചു കഴിഞ്ഞു. 2020ൽ ആരംഭിച്ച പുസ്തകവണ്ടിക്ക് ആരാധകരായി ഒട്ടേറെ വിദേശ മലയാളികളുണ്ട്.
പുസ്തകവണ്ടി എന്ന ആശയത്തെ ജനകീയമാക്കാനായി തന്റെ ഒഴിവു സമയങ്ങൾ വിനിയോഗിക്കുകയാണു ഭിന്നശേഷിക്കാരനായ അധ്യാപകൻ. ശാരീരിക ബുദ്ധിമുട്ടുകൾ മറന്നാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. പത്ത് വായനക്കാരിൽ നിന്നാരംഭിച്ച പുസ്തകവണ്ടിക്കു ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ ഇന്ന് ഒട്ടേറെ വായനക്കാരുണ്ട്. ബ്രെയിൻ ട്യൂമർ ബാധിച്ച് ഓപ്പറേഷനിലൂടെ ജീവിതത്തിലേക്കു തിരിച്ചു വന്ന അജേഷ് തന്നെ സഹായിച്ച നാട്ടുകാർക്കു വേണ്ടി ചെയ്യുന്ന സേവനമാണ് ഇന്നത്തെ പുസ്തകവണ്ടി. കേരളീയം പുസ്തക പ്രകാശനം കാണാൻ പുസ്തകവണ്ടി എന്ന തന്റെ ബൈക്കിൽ തിരുവനന്തപുരം വരെ പോയതു തന്നെ ഒരു സംഭവമായിരുന്നു. പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ് അപ്പുണ്ണി ഏട്ടൻ വായനശാലയ്ക്കു നിർമിച്ചു നൽകിയ കെട്ടിടം കഴിഞ്ഞ ദിവസം തുറന്നു കൊടുത്തിരുന്നു.