ADVERTISEMENT

പാലക്കാട് ∙ 57 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 190 രൂപ ടോൾ, അര മണിക്കൂറിലേറെ നേരം സർവീസ് റോഡിലെ ഗതാഗതക്കുരുക്കിൽ കിടക്കണം, ഇന്ധന ചെലവ് വേറെ. പേര് ദേശീയപാത എന്നാണെങ്കിലും വാളയാർ – വടക്കഞ്ചേരി പാത യാത്രക്കാർക്കു ദുരിത പാതയാകുകയാണ്. വടക്കഞ്ചേരി ഭാഗത്ത് അറ്റകുറ്റപ്പണികളുടെ ഭാഗമായി വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിടുന്നതാണു യാത്രക്കാർക്ക് അധിക പണച്ചെലവിനും സമയ നഷ്ടത്തിനും ഇടയാക്കുന്നത്. വാളയാറിലും പന്നിയങ്കരയിലുമായി രണ്ടിടത്തു വൻ തുക ടോൾ നൽകിയിട്ടും സുഗമ യാത്രയ്ക്കു ടോൾപ്ലാസ അധികൃതർ വഴിയൊരുക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.

അറ്റകുറ്റപ്പണി കഴിയും വരെ ടോൾ നിരക്കു കുറയ്ക്കാനോ വേണ്ടെന്നു വയ്ക്കാനോ തയാറാകണമെന്നാണ് ആവശ്യം. ദേശീയപാതയിലെ കുഴൽമന്ദം ജംക്‌ഷൻ മുതൽ ചരപ്പറമ്പ് വരെ (3 കിലോമീറ്റർ), എരിമയൂർ മുതൽ സ്വാതി ജംക്‌ഷൻ വരെ (4 കിലോമീറ്റർ), വടക്കഞ്ചേരി റോയൽ ജംക്‌ഷൻ മുതൽ ഡയാന ജംക്‌ഷൻ വരെ (1.5 കിലോമീറ്റർ), വടക്കഞ്ചേരി തേനിടുക്ക് (1 കിലോമീറ്റർ) എന്നിവിടങ്ങളിലെ മേൽപാലങ്ങളിലാണ് അറ്റകുറ്റപ്പണി. ഇവിടങ്ങളിലെല്ലാം റോഡ് ബ്ലോക്ക് ചെയ്തു സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചു വിടുന്നത്. 

ഏതാണ്ടു 10 കിലോമീറ്റർ ദൂരം സർവീസ് റോഡ് വഴി ഗതാഗതക്കുരുക്കിൽ സഞ്ചരിക്കണം. രാത്രി ഭാരവാഹനങ്ങൾ കൂടി എത്തുമ്പോൾ കുരുക്കു രൂക്ഷമാകും. ദേശീയപാതയിൽ കാർ ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്കു 110 കിലോ മീറ്ററാണു വേഗപരിധി. സർവീസ് റോഡിലെത്തുമ്പോൾ 60 കിലോമീറ്റർ. പക്ഷേ തിരക്കുള്ളതിനാൽ 40 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പോകാൻ കഴിയില്ല. രാത്രി അതിലും വേഗം കുറയ്ക്കണം. 

English Summary:

Exorbitant ₹190 Toll for 57km Sparks Outrage Amongst Walayar Highway Users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com