തകർന്നുവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 2 കരടികൾ ചത്തു
Mail This Article
പാലക്കാട്∙ കഞ്ചിക്കോട് വലിയേരി അയ്യപ്പൻ മലയ്ക്കു താഴെ വനയോരമേഖലയിൽ കാറ്റിലും മഴയിലും മരം വീണ് തകർന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 2 പെൺ കരടികൾ ചത്തു. ഇന്ന് ഉച്ചയോടെ, വൈദ്യുതി ലൈൻ തകരാറിലായ വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഗാർഹിക ആവശ്യങ്ങൾക്കു നൽകുന്ന 230 എൽടി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. 12 വയസ്സുള്ള അമ്മ കരടിയും 3 വയസ്സുള്ള കുട്ടിക്കരടിയുമാണ് ചത്തത്. വനംവകുപ്പ് പുതുശേരി സൗത്ത് സെക്‌ഷനു കീഴിലാണ് ഈ പ്രദേശം. അയ്യപ്പൻ മലയിൽ നേരത്തെ കരടിയെ കണ്ടിട്ടുണ്ട്. തീറ്റയും വെള്ളവും തേടി ജനവാസമേഖലയിലുള്ള വലിയേരിയിലെത്തി തിരിച്ചു വനത്തിലേക്ക് പോകുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റതാണെന്ന് വനംവകുപ്പ് പറഞ്ഞു.
ഫോറസ്റ്റർ സതീഷിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടികളുടെ മൃതദേഹങ്ങൾ ധോണിയിലുള്ള വനം വകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റി. ചീഫ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ധോണിയിലെത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ഇവയെ സംസ്കരിക്കുമെന്ന് റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്ന അറിയിച്ചു.