ADVERTISEMENT

വാളയാർ ∙ കഞ്ചിക്കോട് കാടിന്റെ അതിർത്തി മേഖലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് 2 കരടികൾ ചത്തു. കാറ്റിലും മഴയിലും മരം വീണു വൈദ്യുത പോസ്റ്റ് തകർന്ന് കുറ്റിക്കാട്ടിൽ പതിച്ച 230 കെവി എൽടി ലൈനിൽ നിന്നാണു ഷോക്കേറ്റത്.

വൈദ്യുതി പോസ്റ്റ് വീണതറിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കഞ്ചിക്കോട് അയ്യപ്പൻമലയ്ക്കു താഴെ വലിയേരിയിലെത്തിയ കെഎസ്ഇബി ജീവനക്കാരാണ് പന്ത്രണ്ടും മൂന്നും വയസ്സുള്ള പെൺകരടികളുടെ ജഡം കണ്ടത്. അപകടം നടന്നത് ഇന്നലെ പുലർച്ചയോടെയാകാമെന്നാണു വനംവകുപ്പിന്റെ നിഗമനം.

അയ്യപ്പൻമലയിലെ വനത്തിൽ നിന്നു വലിയേരിയിലേക്കു വെള്ളവും തീറ്റയും തേടിയെത്തി മടങ്ങുന്നതിനിടെ ഷോക്കേറ്റതാകാമെന്നു കരുതുന്നു. കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിൽ മരം വീണാണു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു ലൈൻ താഴെ വീണത്. കട്ടി കൂടിയ കമ്പിയായതിനാലാണു താഴെ വീണിട്ടും പൊട്ടി വൈദ്യുതി ബന്ധം വേർപെടാതിരുന്നതെന്നു കെഎസ്ഇബി സംഘം പറഞ്ഞു.

പുതുശ്ശേരി സൗത്ത് സെക്‌ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ബി.സതീഷിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടികളുടെ മൃതദേഹങ്ങൾ ധോണിയിൽ വനം വകുപ്പിന്റെ താൽക്കാലിക വെറ്ററിനറി കേന്ദ്രത്തിലേക്കു മാറ്റി. ചീഫ് വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഇന്നു രാവിലെ എട്ടോടെ പോസ്റ്റ്മോർട്ടം നടത്തുമെന്നു റേഞ്ച് ഓഫിസർ മുഹമ്മദലി ജിന്ന അറിയിച്ചു.

കരടികൾ ഷോക്കേറ്റ്  ചാകുന്നത് ‌ജില്ലയിൽ ആദ്യം
∙ജില്ലയിൽ ആദ്യമായാണു കരടികൾ ഷോക്കേറ്റ് ചത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നതെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു. അയ്യപ്പൻ മലയിൽ നിന്നു ജനവാസമേഖലയിലേക്കു കരടിയിറങ്ങുന്നതു ക്ഷേത്രത്തിൽ പൂജയ്ക്കെത്തിയ പൂജാരിമാർ കണ്ടിട്ടുണ്ട്. ഇവ സ്ഥിരമായി വെള്ളവും തീറ്റയും തേടിയെത്താറുള്ള വലിയേരിക്കടുത്താണ് ഇന്നലെ അപകടം നടന്നത്. 

നാലുകാലിൽ സഞ്ചരിക്കുന്ന പന്നിക്കരടി ഇനത്തിലുള്ളവയാണ് ഇവയെന്നും മറ്റിടങ്ങളിലുള്ളത് ഇരുകാലിൽ നടക്കുന്ന ആൾക്കരടി ഇനത്തിലുള്ളവയാണെന്നും വനംവകുപ്പ് പറഞ്ഞു.വന്യമൃഗ ശല്യത്തിൽ പൊറുതി മുട്ടി വലിയേരിക്കു സമീപമുള്ള 6 കുടുംബങ്ങൾ ഒഴിഞ്ഞു പോയിരുന്നു. ഇതിനു തൊട്ടടുത്താണ് ഇന്നലെ കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com