‘അമ്മക്കരടി ഷോക്കേറ്റ് ചത്തത് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ’
Mail This Article
കഞ്ചിക്കോട് ∙ വനാതിർത്തിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന്, ഷോക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു അമ്മക്കരടിയും ഷോക്കേറ്റ് ചത്തതെന്നു വനംവകുപ്പ്. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ ടീമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടു കരടികളുടെയും മരണ സമയവും ഷോക്കേറ്റ രീതിയും കണക്കിലെടുത്താണ് ഈ നിഗമനം. ആദ്യം ഷോക്കേറ്റത് 3 വയസ്സുള്ള കുട്ടിക്കരടിക്കാണെന്നു വ്യക്തമായിട്ടുണ്ട്.
17നു പുലർച്ചെയാണ് അപകടത്തിൽപ്പെട്ട് കരടികൾ ചത്തതെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. അയ്യപ്പൻ മലയിലെ വനത്തിനുള്ളിൽ കാട്ടരുവികൾ പലതും വറ്റിവരണ്ടതോടെ കരടികൾ സ്ഥിരമായി വെള്ളം കുടിക്കാനും തീറ്റതേടിയും എത്തുന്നത് മലയടിവാരത്തിലുള്ള വലിയേരിയിലാണ് (കൃഷിക്കു വെള്ളം സംഭരിക്കുന്ന വലിയ കുളം).
പതിവുപോലെ വനത്തിൽ നിന്നെത്തി വെള്ളം കുടിച്ചു മടങ്ങുമ്പോഴാണ് ഇവ അപകടത്തിൽപ്പെട്ടത്. തൃശൂർ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് സർജൻ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ടീം ഇന്നലെ രാവിലെ ധോണിയിലെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെയാണ് ധോണിയിലുള്ള വനംവകുപ്പ് സ്ഥലത്ത് കരടികളുടെ സംസ്കാരം പൂർത്തിയായത്.
പൊട്ടി വീണ വൈദ്യുതി ലൈനുകൾ ഇന്നലെ രാവിലെ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചു. കഞ്ചിക്കോട് വലിയേരിക്കു സമീപം അയ്യപ്പൻമലയ്ക്കു താഴെയുള്ള വനാതിർത്തിയിലാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ 2 കരടികളെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. കാറ്റിലും മഴയിലും മരം വീണു വൈദ്യുതി പോസ്റ്റ് തകർന്നു കുറ്റിക്കാട്ടിൽ പതിച്ച വൈദ്യുതി ലൈനിൽ നിന്നാണു ഇവയ്ക്ക് ഷോക്കേറ്റത്.